anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കെസിഎ – എൻ.എസ്.കെ ട്വന്റി 20 കിരീടം എറണാകുളത്തിന്, ഫൈനലിൽ തിരുവനന്തപുരത്തെ തോല്പിച്ചത് അഞ്ച് വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എൻഎസ്കെ ട്രോഫി ട്വന്റി 20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം നാല് പന്തുകൾ ബാക്കി നില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം, തുടക്കത്തിലെ തകർച്ചയിൽ നിന്ന് ശക്തമായി തിരിച്ചു വന്നാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 33 റൺസെടുക്കുന്നതിനിടെ തിരുവനന്തപുരത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് ആറാം വിക്കറ്റിൽ ഷോൺ റോജറും ബിജു നാരായണനും ചേർന്നുള്ള 48 റൺസിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തെ കരകയറ്റിയത്. ബിജു നാരായണൻ 23 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണദേവനും ഷോൺ റോജറും ചേർന്നുള്ള 61 റൺസിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന്റെ സ്കോർ 144ൽ എത്തിച്ചത്. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം കൃഷ്ണദേവൻ 33 റൺസെടുത്തു. 41 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 55 റൺസുമായി ഷോൺ റോജർ പുറത്താകാതെ നിന്നു. എറണാകുളത്തിന് വേണ്ടി വി അജിത് നാല് വിക്കറ്റും ആസിഫ് സലാം രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളത്തിന് തുടക്കത്തിൽ തന്നെ കെ ആർ രോഹിതിന്റെയും സഞ്ജയ് രാജിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വിപുൽ ശക്തിയും ഗോവിന്ദ് ദേവ് പൈയും ചേർന്ന് എറണാകുളത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് 92 റൺസ് കൂട്ടിച്ചേർത്തു. 49 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 59 റൺസെടുത്ത് വിപുൽ ശക്തി പുറത്തായി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന ഗോവിന്ദ് ദേവ് പൈ ടീമിനെ 19.2 ഓവറിൽ വിജയത്തിലെത്തിച്ചു. 44 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 56 റൺസുമായി ഗോവിന്ദ് പുറത്താകാതെ നിന്നു. തിരുവനന്തപുരത്തിന് വേണ്ടി വിജയ് എസ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.വിപുൽ ശക്തിയാണ് ടൂർണമെന്റിലെ താരം.മികച്ച ബാറ്റർ മുഹമ്മദ് അസറുദ്ദീനെയും മികച്ച ബൗളറായി അഭിജിത്ത് പ്രവീണിനെയും തെരഞ്ഞെടുത്തു.അജിത്ത് വിയാണ് ഫൈനലിലെ മികച്ച താരം

Spread the News

Leave a Comment