മലപ്പുറം. സോപാനസംഗീത ഗായകൻ ഞരളത്തെ ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം എടുത്തു. ഇന്ന് രാവിലെ പാണക്കാട്ട് തറവാട്ടിലെത്തിയാണ് ഹരിഗോവിന്ദൻ മുസ്ലിം ലീഗ് അംഗമായത്. മരക്കാർ മാരായമംഗലം ഹരിഗോവിന്ദനൊപ്പം പാണക്കാട്ട് തങ്ങളുടെ വീട്ടിൽ എത്തിയിരുന്നു.
നിരവധി കാലമായി പല മേഖലകളിൽ നിന്നും അവഗണന നേരിട്ട് കൊണ്ടിരിക്കുന്ന ഹരിഗോവിന്ദൻ അവസാനം മുസ്ലിം ലീഗിൽ അംഗത്വം എടുക്കുകയായിരുന്നു. സോപാനസംഗീത ചക്രവർത്തിയും ദേശീയ അവാർഡ് ജേതാവുമായ ഞരളത്തെ രാമ പൊതുവാളുടെ മകനായ ഹരിഗോവിന്ദൻ ഒരു രാഷ്ട്രീയ പാർട്ടിയിലും നേരത്തെ അംഗത്വം എടുത്തിട്ടില്ല. എല്ലാ രാഷ്ട്രീയ വേദികളിലും സംഗീത പരിപാടികൾ അവതരിപ്പിച്ച ഹരിഗോവിന്ദൻ എല്ലാ രാഷ്ട്രീയക്കാരോടും നിറഞ്ഞ സ്നേഹത്തിലായിരുന്നു. ഞെരളത്തിന് സ്മാരകം തീർക്കുന്നതിൽ ഉപേക്ഷ വരുത്തിയ സർക്കാരിനെതിരെ വർഷങ്ങൾക്കു മുൻപ് അച്ഛന്റെ ഇടയ്ക്ക ലേലം ചെയ്യാൻ തീരുമാനിച്ചതോടെയാണ് അരി ഗോവിന്ദൻ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. എന്നാൽ പിന്നീട് അങ്ങാടിപ്പുറത്ത് സ്മാരകം പണി നടത്തി ഉദ്ഘാടനം നിർവഹിച്ചെങ്കിലും പിന്നീട് സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് ഹരിഗോവിന്ദൻ പറയുന്നു. അന്യം നിന്ന് പോകുന്ന സോപാനസംഗീതത്തെ തിരിച്ചുകൊണ്ടുവരുന്നതിൽ ഹരിഗോവിന്ദൻ ഒരുപാട് പ്രവർത്തനങ്ങൾ ഏറ്റെടുത്ത ചെയ്തുവരുന്നു. മുസ്ലിം ലീഗ് അംഗമായതോടെ നിരവധി ഭാഗങ്ങളിൽ നിന്നും നല്ലതും ചീത്തയുമായ അഭിപ്രായങ്ങളാണ് ഹരിഗോവിന്ദന് എതിരെ വന്നുകൊണ്ടിരിക്കുന്നത് 