പാലക്കാട്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള കൺസഷൻ കാർഡിന്റെ വിതരണം പുതിയ അധ്യയന വർഷം മുതൽ ലീഡ്സ് അപ്ലിക്കേഷനിലൂടെ ആയിരിക്കുമെന്ന് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. ജില്ലയിൽ വിദ്യാര്‍ഥികളുടെ യാത്ര കണ്സഷന്, യാത്രാ ബുദ്ധിമുട്ടുകള്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ ആവശ്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് എ.ഡി.എം ഇൻചാർജും, എൽ.ആർ ഡെപ്യൂട്ടി കളക്ടറുമായ എസ് ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലീഡ്സ് ആപ്ലിക്കേഷൻ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ആർ.ടി.ഒയെ ചുമതലപ്പെടുത്തും. സർക്കാർ ഉത്തരവ് പ്രകാരമല്ലാത്ത രീതിയിലുള്ള യാതൊരു തരത്തിലുള്ള കാർഡും അംഗീകരിക്കില്ല, ജൂൺ 30നകം കൺസഷൻ കാർഡുകളുടെ വിതരണം പൂർത്തീകരിക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ബസുകളിൽ വിദ്യാർഥികൾക്കുള്ള കൺസഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് വിദ്യാർഥി സംഘടന പ്രതിനിധി ആവശ്യപ്പെട്ടു. സ്കൂൾ വിടുന്ന സമയം ബസ് സ്റ്റാൻഡുകളിൽ പോലീസ് ഇടപെടൽ വേണം, 6 മാസത്തിനകം റിവ്യൂ മീറ്റിംഗ് സംഘടിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വിദ്യാർഥി സംഘടന പ്രതിനിധികൾ മുന്നോട്ടുവെച്ചു. ജില്ലയിലെ മുഴുവൻ സബ് ആർ.ടി.ഒ ഓഫീസുകളിലും മീറ്റിംഗ് സംഘടിപ്പിക്കുക, പ്രൈവറ്റ് ബസ് തൊഴിലാളികൾക്കെതിരെ വിദ്യാർഥികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്ന പരാതിയുടെ നിജസ്ഥിതി പരിശോധിച്ചു മാത്രം നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.
എ.ഡി.എമ്മിന്റെ ചേംബറിൽ നടന്ന യോഗത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജെ പ്രവീൺ കുമാർ, ജോയിന്റ് ആര്.ടി.ഒമാര്‍, മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*
*പാലക്കാട്*