ചെർപ്പുളശ്ശേരി. വരുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ തങ്ങൾ അധികാരത്തിലെത്തും എന്ന് യുഡിഎഫ് നേതാക്കൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി ഭരണകാലത്ത് തങ്ങൾ കൊണ്ടുവന്ന നഗരസഭ ഒട്ടേറെ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് ഭരണസമിതി ജനോപകാരപ്രദമായ ഒരു വികസനവും നടത്തിയില്ലെന്ന് നേതാക്കൾ ആരോപിച്ചു. കുടിവെള്ള വിതരണത്തിനായി സ്വാമിയാർ കുന്നിൽ 27 ലക്ഷം രൂപ മുടക്കി സ്ഥലം ഏറ്റെടുത്തത് യുഡിഎഫ് ഭരണകാലത്താണെന്നും, വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുക്കുകയാകും തങ്ങളുടെ ഏറ്റവും മുൻഗണന പ്രവർത്തി എന്നും മുസ്ലിം ലീഗ് നേതാവ് കെ കെ എ അസീസ് പറഞ്ഞു. നിരവധിതവണ ഉദ്ഘാടനം ചെയ്ത ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് ഇപ്പോഴും ബസ്സുകൾ കയറാത്ത നോക്കുകുത്തിയായി മാറിയെന്നും, മാലിന്യനിർമാർജന യാഡിന്റെ സ്ഥലം സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നും നിലവിൽ എൽഡിഎഫ് ഭരണം നഗരസഭയിൽ പൂർണ്ണ പരാജയമാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ മുതിർന്ന സിപിഐഎം നേതാവിനെ പങ്കെടുപ്പിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹത്തിനെ പോലെ ഒരാളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങളിലും സഹകരിപ്പിച്ചിട്ടില്ലെന്നും അസീസ് കുറ്റപ്പെടുത്തി. ഇടതുപക്ഷം ഭരണം കയ്യാളുന്ന ഒരു ബാങ്കിൽ നിരവധിയായ അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും അത്തരം കാര്യങ്ങൾ തെളിവുസഹിതം പുറത്തുവിടുമെന്നും അസീസ് പറഞ്ഞു.
യുഡിഎഫ് ഇത്തവണ നിരവധി വാർഡുകളിൽ പുതുമുഖങ്ങളെയും പ്രത്യേകിച്ച് യുവജനതയെയും സ്ഥാനാർത്ഥികളായി നിർത്തിയിട്ടുണ്ടെന്നും ഇത്തവണ 33 സീറ്റിലും യുഡിഎഫ് വിജയിക്കും എന്നും യുഡിഎഫ് നേതാവ് കെ എം ഇസാക്ക് പറഞ്ഞു.
പി പി വിനോദ് കുമാർ, ടി ഹരിശങ്കർ, പി അക്ബർ അലി , ഇക്ബാൽ ദുറാനി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.