അങ്ങാടിപ്പുറം : അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തളിക്ഷേത്ര ജംഗ്ഷനിൽ,പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ,
ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് 1.65 കോടി രൂപ ചിലവിൽ ബദൽ റോഡ് പണിതു.
ഓരാടം പാലത്തുനിന്ന് പാറപ്പറമ്പ് വഴി വലിയവീട്ടിൽ പടിയിലേക്കാണ് പഞ്ചായത്ത് റോഡ് വീതി കൂട്ടി,റബ്ബറൈസ് ചെയ്തു നവീകരിച്ചത്. 1 കോടി രൂപ പഞ്ചായത്തും ആസ്തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ മഞ്ഞളാംകുഴി അലി എംഎൽഎയും അനുവദിച്ചു. 17 കുടുംബങ്ങൾ റോഡ് വീതി കൂട്ടുന്നതിനു വേണ്ടി ഭൂമി സൗജന്യമായി വിട്ടു നൽകി. റോഡ് ഉദ്ഘാടനം കൊട്ടും മേളവും കരിമരുന്ന് പ്രയോഗവും കൊണ്ട് നാട്ടുകാർ ജനകീയ ഉത്സവമാക്കി.
ഇനിമുതൽ മലപ്പുറം,മഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന കോട്ടക്കൽ,വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ തളിക്ഷേത്ര ജംഗ്ഷനിലേക്ക് വരാതെ ഈ പുതിയ റോഡ് വഴി തിരിഞ്ഞു പോകാവുന്നതാണ്.
ഇതോടെ തളിക്ഷേത്ര ജംഗ്ഷനിൽ വലതുഭാഗത്തേക്ക് വാഹനങ്ങൾ തിരിക്കേണ്ടി വരുന്നതുമൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവായി കിട്ടും.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സഈദ ടീച്ചറുടെ അധ്യക്ഷതയിൽ മഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ:നജ്മാ തബ്ഷിറ ,മെമ്പർ വിൻസി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശബീർ കറുമൂക്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു ,സെലീനതാണിയൻ,ഫൗസിയ തവളേങ്ങൽ,മെമ്പർമാരായ തൂമ്പലക്കാടൻ ബഷീർ,കെ ടി അൻവർ , കോറാടൻ റംല,കെ ടി നാരായണൻ, പി. രാധാകൃഷ്ണൻ ,മാത്യു വർഗീസ്,കെ കെ സി എം അബു താഹിർ തങ്ങൾ,ഹാരിസ് കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.