anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നഗരം വികസിച്ചു.. അസൗകര്യത്തിന്റെ നടുവിൽ ബസ്റ്റാൻഡ് നാളെ തുറക്കും

ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ നാലുവരിപ്പാതയും, കച്ചേരി കുന്ന്  മുതൽ നെല്ലായ  വരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാന പാതയും നടുവിൽ വച്ചിരിക്കുന്ന ഡിവൈഡറുകൾ, കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യം എല്ലാം ഒരുക്കി നഗരത്തെ സൗന്ദര്യവൽക്കരണം നടത്തിയപ്പോൾ ജനങ്ങളെ അക്ഷരാർത്ഥത്തിൽ വിഡ്ഢികളാക്കുന്ന ഒരു ബസ്റ്റാൻഡ് നാളെ ബസ്സുകൾ കയറാൻ വേണ്ടി ചെർപ്പുളശ്ശേരിയിൽ തുറന്നുകൊടുക്കുകയാണ്. ഏതു സമയത്തും യാത്രക്കാരുടെ തലയിലേക്ക് പൊട്ടി വീഴാൻ പാകത്തിൽ നിൽക്കുന്ന പഴയ ബസ്റ്റാൻഡ് കെട്ടിടം നാട്ടുകാരെ നോക്കി  പല്ലിളിക്കുമ്പോൾ ആണ് പുതിയ ബസ്റ്റാൻഡ് ബസ്സുകൾ കയറാം എന്ന പ്രഖ്യാപനവുമായി അധികാരികൾ രംഗത്ത് വന്നത്. നാലു ബസ്സുകൾക്ക് കഷ്ടി നിൽക്കാൻ സ്ഥലം ഉള്ള പുതിയ ബസ്റ്റാൻഡ് ചില ഭാഗങ്ങളിലേക്ക് മാത്രമുള്ള ബസ്സുകൾ മാത്രമേ ഇപ്പോൾ കയറുകയുള്ളൂ എന്നതാണ് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി തീരുമാനിച്ചത്. ബാക്കിയുള്ള ബസ്സുകൾ പൊട്ടിവീഴാനായ പഴയ ബസ്റ്റാൻഡിൽ തന്നെ ഇടം പിടിക്കും.

ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് പുതിയ ബസ്റ്റാൻഡ് കെട്ടിടം സ്ഥലമെടുപ്പും ബാക്കി കാര്യങ്ങളും  നടന്നത്. പുത്തനാൽക്കൽ ക്ഷേത്രത്തിന്റെ പരിസരത്ത് പൊതുവേ വീതി കുറഞ്ഞ അവസ്ഥയിലാണ് മെയിൻ റോഡ് കിടക്കുന്നത്. ഈ റോഡിൽ നിന്നും കുപ്പി കഴുത്തു പോലെ ബസ്റ്റാൻഡിലേക്ക് റോഡ് കാണാം . ഒരു ബസ്സിന് കഷ്ടി മുഷ്ടി മുന്നോട്ടു സഞ്ചരിക്കാമെങ്കിലും എതിരെ വരുന്ന ബസ്സുകാരൻ കുറച്ചു സമയമെങ്കിലും കാത്തുനിൽക്കേണ്ട അവസ്ഥയാണ്. യാത്രക്കാർക്ക് നിൽക്കാനും ഇരിക്കാനും യാതൊരുവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. നഗരസഭയുടെ നിലവിലുള്ള ഭരണസമിതി കാലാവധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവർക്ക് ഇകാര്യത്തിൽ ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം.

ചെർപ്പുളശ്ശേരിയുടെ നിലവിലുള്ള സ്ഥിതി പ്രകാരം വലിയൊരു ബസ്റ്റാൻഡ് സ്ഥാപിച്ചെങ്കിൽ മാത്രമേ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. അതിനായി പുതിയ സ്ഥലമെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് നഗരസഭാ പോകേണ്ടത് ആയിട്ടുണ്ട്. അടുത്തുവരുന്ന നഗരസഭയിൽ എങ്കിലും അതിന് പ്രാപ്തരായ ആളുകൾ ഉണ്ടായാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. മാത്രമല്ല സർക്കാറിന്റെ അടിയന്തരശ്രദ്ധയും ഇക്കാര്യത്തിൽ ചേർപ്പുളശ്ശേരിക്കാർക്ക് അത്യാവശ്യമാണ്. ഏതായാലും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പുതിയ ബസ്റ്റാൻഡ് ചെർപ്പുളശ്ശേരിക്കാർക്ക് ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Spread the News

Leave a Comment