കൊച്ചി. ശബരിമലയിൽ അയ്യപ്പന്റെ വസ്തുവകകൾ സംരക്ഷിക്കുന്നതിലും അത് നിലനിർത്തുന്നതിലും ദേവസ്വം ബോർഡിനും ജീവനക്കാർക്കും വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിലയിരുത്തി. ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയ അമൂല്യ വസ്തുക്കൾ അന്താരാഷ്ട്ര കൊള്ള സംഘങ്ങൾക്ക് മറിച്ചുവിറ്റൊ എന്ന് അടക്കം അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. മാത്രമല്ല 2018 മുതൽ ഇക്കാലമത്രയും ശബരിമലയിൽ നടന്ന എല്ലാത്തരം ക്രമക്കേടുകളും കണ്ടുപിടിക്കണം എന്നും കുറ്റക്കാർക്കെതിരെ ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു. ശബരിമലയിൽ നിന്നും കൊണ്ടുപോകുന്ന അമൂല്യ വസ്തുക്കൾ പലഭാഗങ്ങളിലും പ്രദർശിപ്പിക്കുകയും അതിന് ഒരു സിനിമാ നടനടക്കം പങ്കെടുക്കുകയും ചെയ്ത സംഭവത്തിലും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. ശബരിമല അന്വേഷണം നേർവഴിക്കാണ് പോകുന്നതെന്നും എന്നാൽ ഇനി ആരൊക്കെ ഇതിൽ കണ്ണികൾ ആയിട്ടുണ്ട് എന്ന അന്വേഷണമാണ് കൊണ്ടുപോകേണ്ടതെന്നും ഹൈക്കോടതി എസ് ഐ ടി യെ അറിയിച്ചു.