കൊച്ചി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിനകത്തെ ചിലയിടങ്ങളിൽ ആസ്ബസ്റ്റോസ് കൊണ്ട് ഉണ്ടാക്കിയ ക്ലാസ് റൂമുകൾ പ്രവർത്തിച്ച് വരുന്നു. ഗ്രാമീണ മേഖലകളിൽ എൽ.പി., യു.പി. വിഭാഗങ്ങളിലാണ് ഇത്തരം സാഹചര്യത്തിലെ ക്ലാസ് റൂമുകൾ കൂടുതലായും ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നിർദ്ദേശം നിലനിൽക്കുന്നുമുണ്ട്. ആസ്ബസ്റ്റോസ് മേൽക്കൂരകളിലെ പഠനങ്ങൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തത നൽകുന്നു. ഇതിനാൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആസ്ബസ്റ്റോസ് റൂമുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ആവിശ്യമായ പരിശോധനകളും തുടർ നടപടികളും അടിയന്തിര സ്വഭാവത്തിൽ വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.