anugrahavision.com

പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീർ ആരാണ്

പൊന്നാനി:മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിൽ, 1964 മെയ് 30 ന് ജനനം. പിതാവ് ബാവക്കുട്ടി മാസ്റ്റർ അധ്യാപക സംഘടനയുടെ നേതാവും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൽ അംഗവുമായിരുന്നു. പൊന്നാനി ടി.ഐ.യു.പി സ്കൂളിലും, കോടത്തൂർ സ്കൂളിലും സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രധാനാദ്ധ്യാപകനായി വിരമിച്ചു. അദ്ധ്യാപക സംഘടനയായ KPTU വിൻ്റെ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം, CPI(M) ൻ്റെ പെരുമ്പടപ്പ് ലോക്കൽ കമ്മറ്റിയംഗവും, പെൻഷനേഴ്സ് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്.

മാതാവ് സാറുടീച്ചർ പെരുമ്പടപ്പ് പഞ്ചായത്തിലെ പാർട്ടി ചിഹ്നത്തിൽ വിജയിച്ച ആദ്യ വനിതാ പഞ്ചായത്ത് മെമ്പറും, പാർട്ടി അംഗവുമായിരുന്നു. മഹിളാ സംഘടനയുടെ പൊന്നാനി താലൂക്കിലെ ആദ്യകാല നേതാക്കളിൽ ഒരാളാണ്.

ഭാര്യ ലിസി സെക്കീർ, 2005ൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ടും, നിലവിൽ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡണ്ടായും പാർട്ടി അംഗമായും പ്രവർത്തിക്കുന്നു.

അഡ്വ: എം.കെ. സക്കീറിൻ്റെ കുവ്വക്കാട്ടിൽ വീട്, മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ ഏഴു പേർ പാർട്ടി അംഗങ്ങളായ പൊന്നാനി താലൂക്കിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഒന്നാണ്.

രാഷ്ട്രീയ ജീവിതം.

മാറഞ്ചേരി മുക്കാല ഗവ: സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ SFI യുടെ പൊന്നാനി താലൂക്ക് കമ്മറ്റി അംഗമായിരുന്നു. പൊന്നാനി MES കോളേജിലെ SFI യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഏരിയാ സെക്രട്ടറി, മലപ്പുറം ജില്ല ജോ.സെക്രട്ടറി എന്നീ നിലകളിൽ, സമരഭരിതമായൊരു കാലത്ത് SFIയെ നയിച്ചു.
ഒമ്പത് വർഷത്തോളം DYFI യുടെ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ട്, സെക്രട്ടറി, താലൂക്ക് ജോ.സെക്രട്ടറി എന്നീ നിലകളിൽ പൊന്നാനിയിലെ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലും സജീവമായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിൻ്റെ കാലത്ത് അദ്ദേഹം DYFI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയായിരുന്നു. സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറിയായും, പതിനൊന്ന് വർഷത്തോളം പെരുമ്പടപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അഡ്വ. എം.കെ. സക്കീർ, പെരുമ്പടപ്പ് പാറയിലെ ചുമട്ട് തൊഴിലാളി യൂണിയൻ CITU ഭാരവാഹിയായും പ്രവർത്തിച്ചു.
പാലപ്പെട്ടി, വെളിയങ്കോട് തീരദേശമേഖലകളിൽ രാഷ്ട്രീയ സംഘർഷത്തിൻ്റെ നാളുകളിൽ CPI (M) പ്രവർത്തകർ വ്യാപകമായി വേട്ടയാടപ്പെട്ട സമയത്ത്, അഡ്വ. സക്കീറിൻ്റെ നേതൃത്വത്തിലാണ് പൊന്നാനിയിലെ പാർട്ടി നിയമപരമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.
തുടർന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയിലേക്ക് പാർട്ടി നിയോഗിക്കുകയും, മികവുറ്റ രീതിയിൽ അവയെല്ലാം പൂർത്തീകരിച്ച് നിലവിൽ സി.പി.ഐ (എം) ൻ്റെ ഏരിയാ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു.

അക്കാദമിക് ഭരണ നേട്ടങ്ങൾ.

തൃശൂർ സെൻ്റ് തോമസ് കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം, പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നും ബി.കോം ബിരുദം കരസ്ഥമാക്കി. ഇന്ത്യയിലെ പ്രശസ്ത നിയമവിദ്യാഭ്യാസ സ്ഥാപനമായ ബോംബെ ഗവ. ലോ കോളേജിൽ നിന്നും LLB ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് ഇൻ്റർനാഷണൽ ലോ ഐച്ഛിക വിഷയമാക്കി കേരള സർവ്വകലാശാലയിലെ ഏറ്റവും മികച്ച മാർക്കോടെ LLM ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം,
തൃശൂരിൽ അഭിഭാഷകനായിരിക്കെ
2006-2010 കാലയളവിൽ തൃശൂർ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസീക്യൂട്ടറായി സേവനമനുഷ്ഠിച്ചു. തുടർന്ന് 2011 ജനുവരി മുതൽ 2016 ഒക്ടോബർ 30 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ മെമ്പറായും, 2016 ഒക്ടോബർ 31 മുതൽ ആറ് വർഷം ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായും സർക്കാർ നിയോഗിക്കുകയുണ്ടായി.

കേരള പബ്ലിക് സർവ്വീസ് കമ്മീഷനെ ആധുനീകരിക്കുന്നതിലും, ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുകയും ചെയ്ത കാലത്തെ PSC ചെയർമാനെന്ന ഖ്യാതി ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്

പി.എസ്.സിയെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത്, അപേക്ഷകളും, പരീക്ഷകളും ഓൺലൈൻ സംവിധാനത്തിന് കീഴിലാക്കുകയും, ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം നടപ്പിലാക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ സർക്കാർ സർവ്വീസിൽ നിയമിക്കപ്പെട്ട PSC യുടെ ചരിത്രത്തിലെ അപൂർവ്വ കാലഘട്ടമായി ആ കാലം മാറി.

1957 മുതലുള്ള ഇടതുപക്ഷസർക്കാരുകളുടെ ഭരണ പരിഷ്ക്കാര സ്വപ്നമായി അവശേഷിച്ചിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS), നിരവധി നിയമപരമായ നൂലാമാലകളെ അതിജീവിച്ച് നിലവിൽ വന്നത് സഖാവ് സക്കീറിൻ്റെ അനിതര സാധാരണമായ ഭരണമികവ് ഒന്നു കൊണ്ട് മാത്രമാണ്. 2019 ൽ പരീക്ഷ നടത്തുകയും 2020 ൽ നിയമനം നടക്കുകയും ചെയ്ത KAS കേരളത്തിൻ്റെ ഭരണ ചരിത്രത്തിലെ രജതരേഖമായി ജ്വലിച്ച് നിൽക്കുന്നു.

ആദിവാസി ഗോത്ര ഊരുകളിൽ PSC ഉദ്യോഗസ്ഥർ നേരിട്ടെത്തി, അപേക്ഷകൾ സ്വീകരിച്ച് ആ വിഭാഗത്തിലെ ചെറുപ്പക്കാരെ നേരിട്ട് കേരള പോലീസിലും എക്സൈസിലും നിയമിച്ച ചരിത്രത്തിലെ അപൂർവ്വതക്ക് കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി.

രാജ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷനുകളുടെ ചരിത്രത്തിലെ പ്രഥമ പ്രധാന ഭരണനടപടിയായി
ട്രാൻസ് ജെൻഡർ വിഭാഗത്തിന് പ്രത്യേക നിയമന സംവിധാനം നടപ്പായത് ഈ കാലത്താണ്.

കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്പെഷൽ റിക്രൂട്ട്മെൻ്റ് സംവിധാനത്തിലൂടെ പോലീസ് സേനയിൽ നിയമന സംവിധാനം നിലവിൽ വന്ന പബ്ലിക് സർവ്വീസ് കമ്മീഷനെ നയിച്ചത് അഡ്വ. എം.കെ. സക്കീറാണെന്നത് ചരിത്രം രേഖപ്പെടുത്തുന്നു.

പരാതികളൊട്ടുമില്ലാതെ തുടർച്ചയായി രണ്ട് കാലയളവിൽ കേരള വഖഫ് ബോർഡിൻ്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

Spread the News

Leave a Comment