കൊച്ചി, 12-05-2025:* എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയുടെ ജില്ലാതല ഉൽഘാടനം കളമശ്ശേരി പത്താം പയസ് പള്ളി പാരിഷ് ഹാളിൽ വച്ച് കേരള വ്യവസായ, തൊഴിൽ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. നൂറോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
ഓട്ടോ തൊഴിലാളി ജില്ലാ ഭാരവാഹികളായ എൻ. ശ്രീകുമാർ, സി.ജെ ഷാജു, കെ.ആർ വിജയൻ, റ്റി.എ സക്കീർ, അഡ്വ മുജീബ് റഹ്മാൻ, ആസ്റ്റർ മെഡ് സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പദ്ധതി വിശദീകരിച്ചു.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എക്സ്സിലോർ ലക്‌സോട്ടിക്ക ഫൗണ്ടേഷനുമായി ചേർന്ന് ജില്ലയിലെ സർക്കാർ, എയിഡഡ് സ്കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിവരുന്ന ക്ലിയർ സൈറ്റ് പദ്ധതിയുടെ തുടർച്ചയായാണ് വേനൽ അവധി കാലത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ നേത്ര പരിശോധന സൗകര്യം ഒരുക്കുന്നത്. എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. അർഹരായ ഡ്രൈവർമാർക്ക് നിബന്ധനകൾക്കു വിധേയമായി സൗജന്യ കണ്ണടയും നൽകും