ഏലംകുളം / മുതുകുറുശ്ശി: എളാട് ചെക്ക് ഡാം കടവിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച മജീദ് വാഴമ്പറ്റയെ വില്ലേജ് ഗ്രൂപ്പ് മുതുകുറുശ്ശി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുതുകുറുശ്ശി ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങ് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷഹീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ മജീദിന് മെമ്മന്റോ നൽകി ആദരിച്ചു. കുലുക്കല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ പുതനയിൽ ക്യാഷ് അവാർഡ് സമ്മാനിച്ചു. പി. പി. അബ്ദുള്ള മാസ്റ്റർ ചടങ്ങിൽ വിഷയം അവതരിപ്പിച്ചു. അപകടമുഖത്ത് താൻ നടത്തിയ ധീരമായ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മജീദ് വാഴമ്പറ്റ മറുപടി പ്രസംഗത്തിൽ വികാരാധീനനായി വിവരിച്ചു.
ചെക്ക് ഡാമിന്റെ ഇരുകരകളിലുമുള്ള ഏലംകുളം, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ഭരണസമിതി അംഗങ്ങളും ഒരുമിച്ച് പങ്കെടുത്ത വേദി എന്ന നിലയിൽ പരിപാടി ഏറെ ശ്രദ്ധേയമായി. എളാട് ചെക്ക് ഡാമുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങളും സുരക്ഷാ വീഴ്ചകളും അധികാരികൾക്ക് മുൻപിൽ അവതരിപ്പിക്കാനും, അവിടെ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും ചർച്ച ചെയ്യാനും ഈ സംഗമത്തിന് സാധിച്ചു. ചടങ്ങിൽ വെച്ച് വില്ലേജ് വാട്സ്ആപ്പ് കൂട്ടായ്മ മുതുകുറുശ്ശി പ്രതിനിധികൾ ഇരു പഞ്ചായത്ത് പ്രസിഡന്റുമാർക്കും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി.
രക്ഷാപ്രവർത്തനം നടത്തിയ മജീദിനെ അനുമോദിക്കാനായി പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാലനും ചടങ്ങിൽ നേരിട്ടെത്തിയിരുന്നു. മജീദിനെ ഈ വർഷത്തെ ധീരതക്കുള്ള അവാർഡായ ജീവൻ രക്ഷാ അവാർഡിന് പേപ്പറുകൾ സമർപ്പിക്കുമെന്ന പ്രഖ്യാപനവും നടത്തി.
ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാരതിയമ്മ, വാർഡ് മെമ്പർമാരായ ഉഷ ടീച്ചർ, സന്തോഷ് സന്തു, രമ്യ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ശൈഷാദ് തെക്കേതിൽ, അജിത്ത് മാസ്റ്റർ, ഹുസൈൻ മാടാല, വാസു, അസൈനാർ തുടങ്ങിയവരും സംബന്ധിച്ചു. കൂട്ടായ്മ കോർഡിനേഷൻ പ്രതിനിധികളായ ബഷീർ പി. പി, ഇസ്മായിൽ പി. പി, അബ്ദുള്ള മാസ്റ്റർ, ഫൈസൽ ചീലത്ത്, സലിം പഴതൊടി, ജാഫർ കാളിമഠം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷൗക്കത്ത് അലി..ഒ.കെ. ചെർപ്പുളശ്ശേരി