കൂറ്റനാട് : പ്രശസ്‌ത സീനിയർ ഫിലിം എഡിറ്റർ ഇ എം മാധവൻ (80) അന്തരിച്ചു മുന്നൂറോളം സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായും മുപ്പത് സിനിമകളിൽ സ്വതന്ത്ര എഡിറ്ററായും മലയാളസിനിമാലോകത്ത് പ്രവർത്തിച്ചു.1986-ൽ ഒ.എസ്. ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കട്ടുറുമ്പിനും കാതുകുത്ത്’ സിനിമയോടെയാണ് മാധവൻ സ്വതന്ത്ര ചിത്രസംയോജകനായത്. തുടർന്ന്, മോഹൻലാലിന്റെ ‘നാടോടി’ ഉൾപ്പടെ ഒട്ടേറെ വിജയ ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു . 2000-ത്തിൽ പുറത്തിറങ്ങിയ ‘തെക്കേക്കര സൂപ്പർഫാസ്റ്റ്’ എന്ന സിനിമയോടെ സജീവ സിനിമാജീവിതത്തിൽനിന്ന് വിടവാങ്ങുന്നത് .
1970-ൽ പുറത്തിറങ്ങിയ കെ.പി. കൊട്ടാരക്കരയുടെ ‘രക്തപുഷ്പം’ എന്ന സിനിമയിലാണ് എഡിറ്റർ കെ. ശങ്കുണ്ണിയുടെ അസിസ്റ്റന്റായി ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് . പിന്നീട് മുന്നൂറിലധികം സിനിമകളിൽ ഗുരുനാഥനൊപ്പം പ്രവർത്തിച്ചു .പി. ഭാസ്‌കരൻ, ശശികുമാർ, എ.ബി. രാജ്, എം. കൃഷ്ണൻനായർ, ശ്രീകുമാരൻതമ്പി, ലിസബേബി, ഉദ്യോഗസ്ഥ വേണു, ജേസി, ജോഷി, പ്രിയദർശൻ, കൊച്ചിൻഹനീഫ, ഡെന്നീസ് ജോസഫ്, തമ്പി കണ്ണന്താനം, ടി.എസ്. സുരേഷ്ബാബു, സി.പി. ജോമോൻ, റോയ് പി.തോമസ്, താഹ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.
1945-ൽ തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ പങ്കുണ്ണിനായരുടെയും കല്യാണിക്കുട്ടിയുടെയും മകനായാണ് മാധവൻ ജനിച്ചത്. പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രമോദ്, പ്രബിത, പ്രജിത. മരുമക്കൾ: വിക്രം, ഗോപാൽ.