ചിറ്റൂർ: കിഴക്കൻ മേഖലയെ 20 കൊല്ലം വരൾച്ചയിലേക്ക് തള്ളിയിട്ട മുൻ എംഎൽഎ അച്യുതനും, തുടർന്നുവന്ന ഇപ്പോഴത്തെ മന്ത്രി കെ. കൃഷ്ണൻകുട്ടിയും ജനങ്ങളെ ഒരുപോലെ പറ്റിക്കുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നൽകിയ കുടിവെള്ള കണക്ഷനുകൾ മന്ത്രിയായ കെ. കൃഷ്ണൻകുട്ടിയുടെ വ്യക്തിഗത സംഭാവനയാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ് ജനങ്ങൾ വോട്ടിലൂടെ ശക്തമായ പ്രതികരണം രേഖപ്പെടുത്തുമെന്നും പ്രണേഷ് രാജേന്ദ്രൻ വ്യക്തമാക്കി.
ഇടതും വലതും മുന്നണികൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വികസന പാതയിലേക്ക് കൈപിടിച്ചുയർത്തിയ പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങൾ ചിറ്റൂരിൽ എത്തിക്കുവാൻ വേണ്ടിയാവണം ഇത്തവണത്തെ നിങ്ങളുടെ വോട്ടുകളെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ വടകരപ്പതി പഞ്ചായത്തിലെ മണൽക്കാട് പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.