കൊച്ചി. കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ പോകുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും ഹാർദമായ ആശംസകൾ നേരുന്നു.
കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ശ്രീ. വി.ഡി. സതീശൻ നടത്തിയ മികച്ച ജനകീയ ഇടപെടലുകളും, ശ്രീ. രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് ശ്രീ. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളും, മുന്നണിയിലെ മുഴുവൻ ഘടകകക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമാണ് ഈ വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ നയിച്ചത് എന്ന് നിസ്സംശയം പറയാം.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകൾ എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്ന വാഗ്ദാനങ്ങളാണ്.ആശാ വർക്കർമാരുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി വേതനം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ പുതിയൊരു മുന്നേറ്റം കൊണ്ടുവരാനും അധികാരത്തിലേറാൻ പോകുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
അതോടൊപ്പം, കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
ഡോ. ആസാദ് മൂപ്പൻ