കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങളറിയിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് യു.ഡി.എഫിന്റെ ഉജ്ജ്വല വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ നടത്തിയ മികച്ച ജനകീയ ഇടപെടലുകളും, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങളും മുന്നണിയിലെ മുഴുവൻ ഘടകകക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമാണ് യു.ഡി.എഫിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചതെന്ന് ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്ന് അദ്ദേഹം വിലയിരുത്തി. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക എന്നത് നിയമപരമായ അവകാശമാക്കി മാറ്റുമെന്ന സുപ്രധാന പ്രഖ്യാപനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകൾ, ആശാ വർക്കർമാരുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി വേതനം വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്ന പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ പുതിയൊരു മുന്നേറ്റം കൊണ്ടുവരാനും അധികാരത്തിലേറാൻ പോകുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആത്മാർത്ഥമായി ആശംസിച്ചു. അതോടൊപ്പം, കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഡോ. ആസാദ് മൂപ്പൻ തന്റെ പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.