പാലക്കാട്: ദുർബല ജനവിഭാഗങ്ങള്‍ താമസിക്കുന്ന അട്ടപ്പാടി മേഖലയില്‍ റഫറല്‍ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് സൗകര്യം 24 മണിക്കൂറും ഉറപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ സർവീസ് നടത്തുന്ന എട്ട് ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കണം. ഡ്രൈവർമാരുടെ കുറവുണ്ടെങ്കില്‍ പിഎസ്സി വഴി ജീവനക്കാരെ നിയമിക്കണം.
ഇതിനു കാലതാമസമുണ്ടെങ്കില്‍ കരാർ- ദിവസവേതന ജീവനക്കാരെ അടിയന്തരമായി നിയമിക്കാനുള്ള നടപടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണം.
കാലപ്പഴക്കമുള്ള രണ്ട് ആംബുലൻസുകള്‍ മാറ്റി പുതിയ രണ്ടെണ്ണം വാങ്ങാനുള്ള നടപടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി സ്വീകരിക്കണം. വനമേഖലയുടെ പരിസ്ഥിതി പരിഗണിച്ച് പോലീസ് വകുപ്പിനു കീഴില്‍ മതിയായ സൗകര്യങ്ങളോടു കൂടി ആംബുലൻസ് അനുവദിക്കേണ്ടതാണ്
ഇതിനായി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് അഗളി സബ് ഡിവിഷൻ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഓരോ ദിവസവും എത്ര ആംബുലൻസ് ഓടിയിട്ടുണ്ടെന്ന വിവരം റിപ്പോർട്ടാക്കി മാസത്തിലൊരിക്കല്‍ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും ആശുപത്രി സൂപ്രണ്ട് നല്‍കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അഗളി ആദിവാസി മേഖലയില്‍ മതിയായ ആംബുലൻസ് സൗകര്യമില്ലാത്തതുകാരണം രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
പോലീസ് വകുപ്പിന് കീഴില്‍ ഒരു ആംബുലൻസ് അനുവദിക്കണമെന്നു പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്‍കിയിട്ടുള്ളതായി അഗളി ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു. എട്ട് ആംബുലൻസുകള്‍ പ്രവർത്തന സജ്ജമാണെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാല്‍ ആംബുലൻസ് ഡ്രൈവർമാരുടെ സ്ഥിരം തസ്തികയില്‍ രണ്ടു ഡ്രൈവർമാരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്.
ഡ്രൈവർമാർ അവധിയെടുത്താല്‍ എല്ലാ ആംബുലൻസുകളും ഉപയോഗിക്കാനാവില്ല. നിലവില്‍ ഉപയോഗിക്കുന്ന രണ്ട് ആംബുലൻസുകള്‍ക്ക് കാലപ്പഴക്കമുള്ളതിനാല്‍ മണ്ണാർക്കാട് ഭാഗത്തെ ആശുപത്രികളിലെത്താൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും റിപ്പോർട്ടില്‍ പറഞ്ഞു.