anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

300ലധികം സ്ഥാപനങ്ങളിലേക്ക് അഡ്മിഷന്‍ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനത്തിന് തുടക്കംവെബ്സൈറ്റ് വഴി ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നാളെ (വ്യാഴം) മുതല്‍ അപേക്ഷിക്കാം

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്്‌ലാമിയ്യയുടെ കീഴിലുള്ള ഈ വര്‍ഷത്തെ ഏകജാലക പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ആഴത്തിലുള്ള ഇസ് ലാമിക പഠനത്തോടൊപ്പം ഏഴാം ക്ലാസ് മുതലും എട്ടാം ക്ലാസ് മുതലും പതിനൊന്നാം ക്ലാസ് മുതലും പി എച്ച് ഡി വരെയുള്ള മൂന്ന് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഇനി ഒരൊറ്റ അപേക്ഷയും പരീക്ഷയും വഴി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാകും.

ആഗോള ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കൂട്ടായ്മയായ റാബിത്വത്തുല്‍ ജാമിആതില്‍ ഇസ്ലാമിയ്യയില്‍ അംഗത്വമുള്ള ജാമിഅതുല്‍ ഹിന്ദിന് ധാരാളം വിദേശ യൂണിവേസിറ്റികളുമായി അക്കാദമിക സഹകരണമുണ്ട്. കൂടാതെ, ജാമിഅതുല്‍ ഹിന്ദിന്റെ ഹാദി ബിരുദം കൊണ്ടുതന്നെ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ മുപ്പതിലധികം പി ജി പഠനവും നടത്താം. ഹാദി ബിരുദം സ്വീകരിച്ചവര്‍ക്ക് ലോകത്തെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളില്‍നിന്നും പി ജി/ പി എച്ച് ഡി തുടര്‍പഠനവും സാധ്യമാണ്.

കൃത്യവും ചിട്ടയാര്‍ന്നതുമായ സിലബസ് അധിഷ്ഠിതമായുള്ള മത പഠനവും വൈവിധ്യമാര്‍ന്ന ഭൗതിക പഠന സാഹചര്യവുമാണ് ജാമിഅതുല്‍ ഹിന്ദ് മുന്നൂറിലധികം സ്ഥാപനങ്ങളിലൂടെ ഒരുക്കുന്നത്. പഠന- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷകള്‍ക്കും മറ്റും കൃത്യമായ രീതികളും ജാമിഅ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലോകോത്തര പണ്ഡിത പ്രതിഭകളാക്കി വളര്‍ത്തിയെടുക്കുക എന്ന ദൗത്യവുമായി മുന്നോട്ട് പോകുന്ന ജാമിഅതുല്‍ ഹിന്ദിന്റെ വ്യത്യസ്ത ക്യാമ്പസുകളില്‍ സിവില്‍ സര്‍വീസ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് പഠനങ്ങള്‍, കോച്ചിങ്ങുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, വിവിധ വിദേശ ഭാഷകള്‍, വിദേശ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കുള്ള പരിശീലനങ്ങളും ലഭ്യമാണ്.

സ്‌കൂള്‍ ആറാം തരം കഴിഞ്ഞവര്‍ക്ക് ഏഴാം ക്ലാസിലേക്കും ഏഴാം തരം കഴിഞ്ഞവര്‍ക്ക് എട്ടാം ക്ലാസ്സിലേക്കും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പ്ലസ് വണ്ണിലേക്കും ഇപ്പോള്‍ www.jamiathulhind.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. നാളെ (വ്യാഴം) മുതല്‍ അടുത്ത മാസം 20 വരെ അപേക്ഷിക്കാം. മെയ് രണ്ടിന് ഇന്ത്യക്കകത്തും പുറത്തുമായി നടക്കുന്ന ജെ-സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കുകളും പരിഗണിക്കും.

ഏകജാലക പ്രവേശനത്തിനുള്ള ജാമിഅതുല്‍ ഹിന്ദ് വെബ് പോര്‍ട്ടല്‍ വൈസ് ചാന്‍സ്ലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലോഞ്ച് ചെയ്തു. രജിസ്ട്രാര്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പ്രൊ- ചാന്‍സ്ലര്‍ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മാരായമംഗലം അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്,

ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശന് വെബ് പോര്‍ട്ടല്‍ വൈസ് ചാന്‍സ്ലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലോഞ്ച് ചെയ്യുന്നു

Spread the News

Leave a Comment