anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു

കൊച്ചി. ഏറെക്കാലമായി നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. സിപിഐഎം പ്രസ്ഥാനവുമായി അകന്നു കഴിഞ്ഞിരുന്ന പി കെ ശശിയോട് ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. ഇതിനിടെ പി കെ ശശി യുഡിഎഫിലേക്ക് പോകും  എന്നും പുതിയ പാർട്ടി വരെ ഉണ്ടാക്കും എന്നും ഒക്കെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സിപിഐഎം വിട്ടുപോകുന്നതിനെക്കുറിച്ച് പി കെ ശശി ഇതുവരെയും ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല സിപിഐഎം  ജില്ലാ കമ്മിറ്റിയിലേക്ക് എടുക്കുന്നതിന്റെ കാര്യത്തിൽ മാത്രമാണ് പി കെ ശശി ആവശ്യം ഉന്നയിച്ചത്. എന്നാൽ പാലക്കാട് ജില്ല കമ്മിറ്റി ഇതിനെ നഖശിഖാന്തം എതിർക്കുകയും ചെയ്തു. ഇതോടെയാണ് പടലപ്പിണക്കങ്ങൾ പൊതുവേദിയിൽ ചർച്ചയായത്. പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ പി കെ ശശി നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി എന്ന ജില്ലാ കമ്മിറ്റിയുടെ നടപടിയെ ഒരിക്കലും അംഗീകരിച്ചില്ല എന്ന് മാത്രമല്ല തനിക്ക് ഇതിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞത്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു അനുരഞ്ജന ചർച്ച പി കെ ശശിയുടെ കാര്യത്തിൽ ഉണ്ടാവും എന്നാണ് സൂചന. പാർട്ടി പൂർണമായും കൈവിട്ടാൽ ഒറ്റപ്പാലത്ത് പി കെ ശശി മത്സരിക്കുമെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ യുഡിഎഫ് പിന്തുണ പി കെ ശശിക്ക്  നൽകുമെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. പി കെ ശശിയെ യുഡിഎഫ് പാളയത്തിൽ എത്തിക്കാൻ നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ ആർക്കും പെട്ടെന്ന് മെരുക്കിയെടുക്കാൻ കഴിയുന്ന ഒരു നേതാവല്ല പി കെ ശശി എന്നത് പാലക്കാട് ജില്ലയിൽ തന്നെ അറിയുന്ന ഒരു കാര്യമാണ്. ഏതായാലും വരും ദിവസങ്ങളിൽ രാഷ്ട്രീയ രംഗത്തെ പുതിയ   സംഭവികാസങ്ങൾ ദൃശ്യമാകും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

Spread the News

Leave a Comment