തിരുവനന്തപുരം, 16 ഫെബ്രുവരി 2026: ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിന് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീജിയണൽ കൗൺസിലിന്റെ ആറാമത് യോഗത്തിൽ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, അന്തസ്സ്, അവസരങ്ങൾ എന്നിവ വ്യാപിപ്പിച്ച്, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉന്നതതലങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ അടിത്തറ പാകിക്കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നിവയിൽ നടത്തിയ സുസ്ഥിരമായ നിക്ഷേപങ്ങളിലൂടെ, നൈപുണ്യവും ആത്മവിശ്വാസവും അന്തസ്സുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കി തുടങ്ങി. ഈ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ, 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളം സ്വന്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, 3,500 ഏക്കറിലധികം വരുന്ന വ്യവസായ പാർക്കുകൾ വികസിപ്പിച്ചു. അവയുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിൽ ഇന്ത്യൻ വിഹിതത്തിന്റെ 42 ശതമാനവും കൈകാര്യം ചെയ്യുന്ന ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തെക്കുറിച്ചുള്ള ‘സിഐഐ ഹാൻഡ്ബുക്ക്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോകനിലവാരത്തിലുള്ള മനുഷ്യവികസന സൂചികകൾ, നൈപുണ്യ തൊഴിൽശക്തി, സംസ്ഥാനത്തിന്റെ സുസ്ഥിരതാ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നതാണ് ഹാൻഡ്ബുക്ക്. ഒപ്പം, ഐടി അധിഷ്ഠിത സേവനങ്ങൾ, ബയോടെക്നോളജി, വെൽനസ് ആൻഡ് റെസ്പോൺസിബിൾ ടൂറിസം തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളെയും ഹാൻഡ്ബുക്ക് അടയാളപ്പെടുത്തുന്നു.
ശുചിത്വമുള്ള നഗരങ്ങളും, വായുഗുണ നിലവാരവും, കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്, മാറ്റുകൂട്ടുന്നതായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ് പറഞ്ഞു. സിഐഐ സതേൺ റീജിയൺ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, സിഐഐ സതേൺ റീജിയൺ ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, സിഐഐ കേരള ചെയർമാൻ വി.കെ.സി റസാഖ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തെ വേഗത്തിലാക്കാനും, സർക്കാരും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായികൾ പങ്കെടുത്ത യോഗം വഴിയൊരുക്കി.