anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പിറന്നാൾ കേക്കിന് പകരം മാരത്തൺ മെഡൽ; മൂന്നാം പിറന്നാളിന് മൂന്ന് കിലോമീറ്റർ ഓടിത്തീർത്ത് അയാൻ

കൊച്ചി: സാധാരണയായി മൂന്നാം പിറന്നാൾ ആഘോഷങ്ങൾ വർണ്ണാഭമായ പാർട്ടികളിലും കേക്ക് മുറിക്കലിലുമാണ് അവസാനിക്കാറുള്ളത്. എന്നാൽ കാലടി സ്വദേശികളായ ശ്യാം ബാബുവിന്റെയും ആതിരയുടെയും മകൻ അയാൻ തന്റെ മൂന്നാം ജന്മദിനം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ട്രാക്കായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ, കാണികൾക്ക് മുന്നിൽ ഈ മൂന്ന് വയസ്സുകാരൻ വിസ്മയമായി മാറി. ഫെബ്രുവരി 8-ന് തന്റെ മൂന്നാം ജന്മദിനത്തിൽ തന്നെ മൂന്ന് കിലോമീറ്റർ ദൂരം തളരാതെ ഓടിത്തീർത്ത അയാൻ തന്റെ ജീവിതത്തിലെ ആദ്യ കായിക നാഴികക്കല്ലാണ് പിന്നിട്ടത്. കുഞ്ഞുപാദങ്ങൾ കൊച്ചിയിലെ ട്രാക്കിൽ ആവേശത്തോടെ ചുവടുവെച്ചപ്പോൾ വലിയ കൈയടികളോടെയാണ് കായികപ്രേമികൾ ഈ കുട്ടിത്താരത്തെ വരവേറ്റത്.

മകന്റെ ശാരീരികക്ഷമതയ്ക്കും മാനസിക വളർച്ചയ്ക്കും മുൻഗണന നൽകുന്ന അമ്മ ആതിരയുടെ നിശ്ചയദാർഢ്യമാണ് അയാനെ ഇത്രയും വലിയൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചത്. കുട്ടികളെ അമിതമായ നിയന്ത്രണങ്ങളിൽ തളച്ചിടാതെ, അവരുടേതായ രീതിയിൽ ലോകത്തെ അറിയാൻ അനുവദിക്കണമെന്നും ശാരീരികക്ഷമതയും അച്ചടക്കവും നേടിയെടുക്കാൻ കായിക വിനോദങ്ങളോളം മികച്ച മറ്റൊരു വഴിയില്ലെന്നും കായികപ്രേമി കൂടിയായ ഈ അമ്മ ഉറച്ചു വിശ്വസിക്കുന്നു. മാരത്തണിന് മുന്നോടിയായി മാസങ്ങളോളം സൈക്ലിംഗും ഓട്ടവുമൊക്കെയായി കൃത്യമായ പരിശീലനം നൽകിയാണ് അയാനെ ട്രാക്കിലിറക്കിയത്.

അയാന്റെ പിതാവ് ശ്യാം ബാബു വിദേശത്തായതിനാൽ മകന്റെ ഈ അപൂർവ്വ പിറന്നാൾ ആഘോഷത്തിന് നേരിട്ട് സാക്ഷിയാകാൻ കഴിഞ്ഞില്ലെങ്കിലും, കുടുംബത്തിന്റെ പൂർണ്ണമായ പിന്തുണയും പ്രോത്സാഹനവുമാണ് ഈ കൊച്ചു മാരത്തൺ റണ്ണറുടെ കരുത്ത്. മൂന്നാം വയസ്സിൽ തന്നെ മാരത്തൺ വേദിയിൽ ചുവടുറപ്പിച്ച അയാൻ, കേരളത്തിന്റെ കായികലോകത്തേക്ക് വരാനിരിക്കുന്ന ഒരു വലിയ വാഗ്ദാനത്തിന്റെ സൂചനയാണ് നൽകുന്നത്. ആഘോഷങ്ങൾ കേവലം ആഡംബരങ്ങൾ മാത്രമല്ല മറിച്ച് അർത്ഥവത്തായ ലക്ഷ്യങ്ങൾ കൂടിയാവാമെന്ന് ഈ കൊച്ചു മിടുക്കൻ തെളിയിച്ചു കഴിഞ്ഞു.

Spread the News

Leave a Comment