anugrahavision.com

ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവുമായി ആക്സിയ ടെക്നോളജീസ്; വരും തലമുറയിലെ എഞ്ചിനീയ‍ർമാരെ വള‍ർത്തുക ലക്ഷ്യം*

തിരുവനന്തപുരം, ഒക്ടോബർ 16, 2025:* ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്, പുതുതലമുറയിലെ എഞ്ചിനീയറിംഗ് പ്രതിഭകളെ വാർത്തെടുക്കാനായി ആരംഭിച്ച, ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം 2025, വിജയകരമായി പൂർത്തിയാക്കി. അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ സുപ്രധാന സി.എസ്.ആർ സംരംഭമാണ് ആക്സിയ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ വെച്ച്, ബിരുദദാന ചടങ്ങ് നടന്നു.

ആക്സിയ ടെക്നോളജീസിൻ്റെ സി.എസ്.ആർ വിഭാഗമായ അക്സിയ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റേതാണ് ഈ സംരംഭം. ജൂലായിൽ ആരംഭിച്ച, 12 ആഴ്ച നീണ്ടുനിന്ന പ്രോഗ്രാം, വിദ്യാ‍ർത്ഥികളിൽ വ്യവസായ സന്നദ്ധത പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു രൂപകൽപന ചെയ്തത്. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെയും, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജിലെയും, അമ്പത് വിദ്യാർത്ഥികളായിരുന്നു പ്രോഗ്രാമിന്റെ ഭാഗമായത്.

ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ. ദിപങ്കർ ബാനർജി, ആക്സിയ ടെക്നോളജീസിൻ്റെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ, ആക്സിയ ടെക്നോളജീസ് വൈസ് പ്രസിഡൻ്റ് – ന്യൂ ഇനിഷ്യേറ്റീവ്സ് ആൻഡ് ഹെഡ് ഓഫ് സി.എസ്.ആർ. രജീഷ്. ആർ, കൈമനം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബീന എസ്, ആക്സിയ ടെക്നോളജീസ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജോസ് കുന്നപ്പള്ളി തുടങ്ങിയവർ ബിരുദദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ആക്സിയ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ഡയറക്ടർ എം. മോഹൻ, അതിവേഗ സാങ്കേതിക മാറ്റങ്ങൾക്കും, മത്സരങ്ങൾക്കും പിന്നാലെ കമ്പനികൾ സഞ്ചരിക്കുന്ന ഇക്കാലത്ത്, വരും തലമുറയെ വാ‍ർത്തെടുക്കാൻ സമയവും വിഭവങ്ങളും വിനിയോഗിക്കുന്നതിൽ ആക്സിയ പ്രശംസ അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു.

വിമർശനാത്മകമായി ചിന്തിക്കാനും, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, യുവതലമുറയെ സജ്ജമാക്കാൻ സഹായിക്കുന്നതാണ്, ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവ് എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ. ദിപങ്കർ ബാനർജി പറഞ്ഞു.

ആക്സിയ ഫിനിഷിംഗ് സ്കൂൾ ഇനിഷ്യേറ്റീവ്, കേവലം തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിദ്യാർത്ഥികളിൽ, മൂല്യങ്ങളും, ജിജ്ഞാസയും, സ്വപ്നങ്ങളും വള‍ർത്തിയെടുക്കുക കൂടിയാണെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി.

കനൽ ഇന്നൊവേഷൻസുമായി സഹകരിച്ച് നടപ്പിലാക്കിയ ആക്സിയ ഫിനിഷിംഗ് സ്കൂൾ പദ്ധതിയിൽ, സി പ്രോഗ്രാമിംഗ്, എംബഡഡ് സിസ്റ്റംസ്, ലിനക്സ്, ഗിറ്റ്ഹബ്, എ.ഐ. ഫണ്ടമെൻ്റൽസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകിയിരുന്നു. കൂടാതെ ആശയവിനിമയം, റെസ്യൂമെ നിർമ്മാണം, എന്നിവയെക്കുറിച്ചുള്ള സെഷനുകളും ഉൾപ്പെടുത്തിയിരുന്നു.Img 20251016 Wa0043

തിരുവനന്തപുരത്ത്‌ വച്ചുനടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥികൾ വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.

Spread the News

Leave a Comment