anugrahavision.com

സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ തെരുവ് നായ ആക്രമണങ്ങൾ. ഇടപെട്ട് മുഖ്യമന്ത്രി ഓഫീസ്

കൊച്ചി. സർക്കാർ ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കൾ ആക്രമണം അഴിച്ച് വിട്ടിട്ടും ഇവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ പൂർണ്ണമായി ഒഴിവാക്കുന്നതിന് ആശുപത്രി സൂപ്രണ്ടുമാർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്‌.
ആശുപത്രി പരിസരത്ത് നിന്ന് തെരുവ് നായ്ക്കളെ പൂർണ്ണമായി ഒഴിവാക്കുവാൻ സർക്കാർ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പരാതിയിൻമേൽ നടപടി സ്വീകരിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി.

Img 20250816 Wa0091
സർക്കാർ ആശുപത്രികളിലെ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ആശുപത്രി മേധാവികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആശുപത്രി വികസന സമിതികൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല. ആശുപത്രി പരിസരത്തിനുള്ളിൽ തെരുവ് നായ്ക്കൾ രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങളിൽ അധികൃതർ ആവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്നില്ല . തിരുവനന്തപുരം പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിനുള്ളിൽ വച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെ ഡോ. സൗമ്യ ജഗദീഷിന് നേരെ തെരുവ് നായ ആക്രമണം ഉണ്ടായി . ഈ സംഭവത്തിന് ശേഷം ആശുപത്രി സൂപ്രണ്ട് ഇത്തരം വിഷയങ്ങളിൽ കൃത്യവിലാപം തുടരുന്നതിനാൽ കഴിഞ്ഞ ദിവസം ആശുപത്രിയ്ക്ക് ഉള്ളിൽ വച്ച് ഡോ. എൽസമ്മ വർഗ്ഗീസിന് തെരുവ് നായ ആക്രമണത്തിൽ പരുക്ക് ഏറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടി കാട്ടുന്നു.
അതിനാൽ ആശുപത്രി പരിസരത്ത് നിന്ന് തെരുവ് നായ്ക്കളെ പൂർണ്ണമായി ഒഴിവാക്കുന്നതിന് ആവിശ്യമായ മാർഗ്ഗ നിർദ്ദേശം സർക്കാർ അടിയന്തിരമായി ആശുപത്രി മേധാവികൾക്ക് നൽകണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നത്.

Spread the News

Leave a Comment