ചെർപ്പുളശ്ശേരി. സുരക്ഷാ മുൻകരുതൽ എന്നോണം പഴയ ബസ്റ്റാൻഡ് പൂർണമായും അടച്ചു. ഏതുസമയവും നിലം പൊത്താൻ നിൽക്കുന്ന ബസ്റ്റാൻഡ് ആണ് അടച്ചുപൂട്ടിയത്. എന്നാൽ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനടുത്ത് മൂന്നുതവണ ഉദ്ഘാടനം കഴിച്ച പുതിയ ബസ്റ്റാൻഡ് ആകട്ടെ അസൗകര്യങ്ങളുടെ പടുകുഴിയിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ഇതോടെ നിലവിൽ യാത്രക്കാരുടെ ദുരിതം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ചെർപ്പുളശ്ശേരി നഗരം സൗന്ദര്യവൽക്കരണം നടത്തി ഉദ്ഘാടനം നടത്തിയപ്പോഴും വാഹനങ്ങളുടെ പാർക്കിങ്ങിനോ കച്ചവട സ്ഥാപനങ്ങളുടെ കയ്യേറ്റത്തിനോ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതാണ് സത്യം. നാലുവരിപ്പാതയും നടപ്പാതയും എല്ലാം ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഇല്ലാത്ത പാർക്കിംഗ് ഇപ്പോഴും തുടരുകയാണ്. നഗരത്തിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ശൗചാലയം ഇല്ല എന്നത് പരാതിയായി തന്നെ അവശേഷിക്കുന്നു. മാത്രമല്ല സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനും സ്ഥലം ഇല്ല എന്നതും അസൗകര്യങ്ങളുടെ നേർക്കാഴ്ചയാണ്. പഴയ ബസ്റ്റാൻഡ് പൊളിച്ച് കെട്ടിടം എല്ലാം പുതുക്കിപ്പണിത് വരുമ്പോഴേക്കും ചുരുങ്ങിയത് 24 മാസമെങ്കിലും എടുക്കും എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അതുവരെ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടം ഓടി വിയർക്കുന്ന കാഴ്ച കാണേണ്ടതായി വരും. സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ ബഹളവും കൂടിയാവുമ്പോൾ ഫലത്തിൽ ചെർപ്പുളശ്ശേരി നഗരം വീർപ്പുമുട്ടും എന്നതിൽ തർക്കമില്ല.