പാലക്കട്: മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം നേടിയ കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മന്റ് കമ്മിറ്റി അംഗം പി എ ഉമ്മറിനെ ആദരിച്ചു. കേരള ബാങ്ക് പാലക്കാട് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച ടോപ് ആൻഡ് ടൗൺ ഓഡിറ്റോറിയത്തിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്കിൻ്റെ ഉപഹാരം മന്ത്രി പി എ ഉമ്മറിന് നൽകി.
സംസ്ഥാനത്തിന് മാതൃകയായ നിരവധി ആശയങ്ങൾ നടപ്പാക്കിയ, നിരാലംബരെ ചേർത്ത് പിടിച്ച വ്യക്തിയാണ് പി എ ഉമ്മർ എന്ന് മന്ത്രി പറഞ്ഞു. പലിശരഹിത വായ്പ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. വി എസ് വിജയരാഘവൻ, ടാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എൻ സുകുമാരൻ, ജോയിൻറ് രജിസ്‌ട്രാർ എം ശ്രീഹരി, പാലക്കാട് ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജർ കെ കെ ജനാർദ്ദനൻ, കേരള ബാങ്ക് പാലക്കാട് റീജിയണൽ മുൻ ജനറൽ മാനേജർ പ്രീത കെ മേനോൻ എന്നിവർ സംസാരിച്ചു. പി എ ഉമ്മർ മറുപടി പ്രസംഗം നടത്തി. ഡയറക്ടർ എ പ്രഭാകരൻ എംഎൽഎ സ്വാഗതവും ജനറൽ മാനേജർ പി എസ് വിനീത് നന്ദിയും പറഞ്ഞു.