ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിന് കൂടുതൽ സർക്കാർ വാഹനങ്ങൾ അനുവദിക്കണമെന്നും ഉപയോഗ ശൂന്യമായി ജില്ലാ കളക്ട്രേറ്റ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഉടൻ നീക്കണമെന്നുമുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് പരിശോധിച്ച് ആവിശ്യമായ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്
.ഉപയോഗ ശൂന്യമായ സർക്കാർ വാഹനങ്ങളെ സൂക്ഷിക്കുന്ന സ്ഥലമായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് വളപ്പിനെ അധികൃതർ മാറ്റിയിരിക്കുകയാണ്. ഇവിടെ ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ആരോഗ്യ വകുപ്പിന്റേതാണ്. ജില്ലാ കളക്ട്രേറ്റിൽ നിരവധി വകുപ്പിലെ ഓഫീസ് കെട്ടിടങ്ങൾ പ്രവർത്തിക്കുകയാണ്. ദിവസേന നിരവധി മീറ്റിങ്ങുകൾ ജില്ലാ കളക്ട്രേറ്റിൽ വച്ചാണ് നടത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗ ശൂന്യമായ നിരവധി വാഹനങ്ങൾ കളക്ട്രേറ്റ് വളപ്പിന് അകത്ത് പല സ്ഥലങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത് കാരണം പൊതു ജനങ്ങളുടെ വാഹനം കളക്ട്രേറ്റിന് പുറത്ത് പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
പത്തനംതിട്ട ജില്ലയിൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ലക്ഷക്കണക്കിന് ഭക്തരാണ് വർഷാവർഷം വന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ മുഴുവൻ ആരോഗ്യ സുരക്ഷിതത്വം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിയന്ത്രണത്തിലാണ് ചെയ്ത് വരുന്നത്. വനമേഖല പരിധി ഉൾപ്പെടുന്ന ജില്ലയിൽ പല മേഖലകളിൽ വച്ചും ആരോഗ്യവകുപ്പ് ക്യാമ്പുകളും പരിശോധനകളും നടത്തി വരുന്നു. സർക്കാർ വാഹനങ്ങളുടെ കുറവ് കാരണം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പല ഘട്ടങ്ങളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുണ്ട്. ആരോഗ്യ വകുപ്പിന് വാഹനങ്ങൾ കുറവാണെന്ന കാര്യം പരിശോധിക്കുവാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും ജില്ലാ കളക്ട്രേറ്റ് പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ വാഹനങ്ങൾ നീക്കം ചെയ്യുവാൻ പത്തനംതിട്ട ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.