anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഊട്ടിയിലേക്ക് എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ; മേയ് ഒന്നു മുതൽ ഗതാഗത  നിയന്ത്രണം

നീലഗിരി: ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നതു പതിവാണ്. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും.

മേട്ടുപ്പാളയത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കൂനൂരിൽ നിന്ന് ഊട്ടിയിലെത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇവിടങ്ങളിൽ നിന്ന് ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്‌ഡബെട്ട തുടങ്ങിയവ സന്ദർശിക്കാൻ സർക്യൂട്ട് ബസുകൾ സർവീസ് നടത്തും.

*കല്ലട്ടി വഴി വാഹനങ്ങൾക്ക് 29 മുതൽ നിയന്ത്രണം*

മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുരം കയറി ഊട്ടിയിൽ എത്താവുന്ന റോഡാണിത്. കല്ലട്ടി ചുരത്തിനു മുൻപ് സീഗൂർ പാലത്തിനു സമീപം ചെക് പോസ്‌റ്റ് സ്‌ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ഉദ്ദേശ്യം. കല്ലട്ടി ചുരം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ

_________________________________

Spread the News

Leave a Comment