anugrahavision.com

ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന കുട്ടികളോട് സഹാനുഭൂതിയോടെ പെരുമാറുവാൻ നിർദ്ദേശം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.

കൊച്ചി. ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന കുട്ടികളോട് സഹാനുഭൂതിയോടെ പെരുമാറുവാൻ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കുവാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് നൽകി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 2024 ഒക്ടോബർ എട്ടാം തീയതി രാത്രി പരിക്ക് പറ്റി ചികിത്സക്ക് എത്തിയ ഒരു വയസ്സ് പ്രായമുള്ള മുഹമ്മദ് ഷെറിൻ, ആറു വയസ്സുള്ള റസൽ എന്നിവർക്ക് ചികിത്സ വൈകിപ്പിച്ചെന്നും കുട്ടികളോട് മാന്യമായി പെരുമാറാത്തതിലും ആവിശ്യമായ പരിചരണം നൽകിയില്ലെന്നും മറ്റും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ്, പൊതു പ്രവർത്തകനായ യു.എ. റസാക്ക് എന്നിവർ സമർപ്പിച്ച പരാതികൾ തീർപ്പാക്കിക്കൊണ്ടാണ് കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആശുപത്രികൾ ബാലാവകാശ സൗഹൃദമാക്കുന്നതിന് ആവിശ്യമായ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കണം. അടിയന്തിര ഘട്ടങ്ങളിൽ പരിക്ക് പറ്റി വരുന്ന കുട്ടികൾക്ക് പരമാവധി വേഗത്തിൽ ചികിത്സ ഉറപ്പാക്കുവാൻ വേണ്ട നടപടികളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് ഡയറക്ടർ സ്വീകരിക്കണം. ഭയം ഉണ്ടാകുന്ന രീതിയിൽ കുട്ടികളോടും രക്ഷിതാക്കളോടും പെരുമാറുന്നത് സാക്ഷര സമൂഹത്തിന് ചേർന്നതല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പ്രത്യേകമായി പരാമർശിക്കുന്നു.
അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ കൃത്യ സമയത്ത് കൊടുക്കുവാൻ ആരോപണ വിധേയയായ ഡോക്ടർ ഫെബിനയ്ക്ക് പല സാഹചര്യങ്ങളാൽ സാധിച്ചില്ല എന്ന് പറയുന്നത് ഗുരുതര ബാലാവകാശ ലംഘനമായി കമ്മീഷൻ നിരീക്ഷിച്ചു. ആരോപണ വിധേയയായ ഡോക്ടറുടെ പെരുമാറ്റ രീതി വളരെ നല്ല രീതിയിൽ രോഗികളോട്‌ ഇടപഴകുന്ന ഭൂരിഭാഗം ഡോക്ടർമാർക്കും അപമാനകരമായ സംഗതിയെന്നും കമ്മീഷൻ വിലയിരുത്തി.
രോഗികൾക്ക് സുരക്ഷ ഉറപ്പാക്കുവാൻ ദ്വിതീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ സി.സി.ടി.വി. സ്ഥാപിക്കുവാൻ നടപടികൾ വേണമെന്നും കമ്മീഷൻ ഉത്തരവിലുണ്ട്.

Spread the News

1 thought on “ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന കുട്ടികളോട് സഹാനുഭൂതിയോടെ പെരുമാറുവാൻ നിർദ്ദേശം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.”

Leave a Comment