ജില്ലയിൽ നിലവിൽ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം 2 ആണ് .അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. കുമരംപുത്തൂർ സ്വദേശി മരണപ്പെടുകയും ചെയ്തു. കൂടാതെ സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള ഒരു രോഗിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലേയ്ക്ക് അയച്ചതിന്റെ ഫലം നെഗറ്റീവ് ആയി വന്നിട്ടുണ്ട് . നിലവിൽ പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 17 പേർ ഐസൊലേഷനിൽ കഴിയുന്നു. ജില്ലയിലാകെ 435 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് 1414 വീടുകളിൽ സന്ദർശനം നടത്തി പനി സർവ്വേ പൂർത്തീകരിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്ന് 51 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. കൺട്രോൾ സെല്ലിലേക്ക് ഇന്ന് നിപാ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 34 കോളുകൾ ഉണ്ടായിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി അഡിഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് ഡോ.റീത്ത കെ പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വിദ്യ കെ ആർ , ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ.കാവ്യ കരുണാകരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ജി.എൽ. പി.എസ് പെരിമ്പടേരിയിൽ ഇന്ന് മുതൽ ആരംഭിച്ച സ്പെഷ്യൽ ക്ലിനിക്കിൽ 76 പേർ പരിശോധനക്കായി എത്തിച്ചേർന്നു..
മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ നിന്നും തെങ്കരയിൽ നിന്നുമായി രണ്ടു വവ്വാലുകളുടെ ജഡം കണ്ടെത്തിയുണ്ടെന്നും , നിപ രോഗബാധ പ്രദേശത്ത് ഇന്ന് (18/07/2025) മൃഗങ്ങൾക്കിടയിൽ മറ്റു അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചതിനുശേഷം ആകെ 1514 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കുമരംപുത്തൂർ, കാരക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലേയും കണ്ടൈൻമെന്റ് സോണിലെ വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം. അനാവശ്യമായി കൂട്ടം കൂടി നിൽക്കരുത്. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാൻ കർശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ടെന്നും, പരിഭ്രാന്തി പരത്തുന്ന വിധത്തിൽ അനാവശ്യമായി ജനങ്ങൾക്കിടയിൽ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച ഒരാൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.
നിപ കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയതിന് ശേഷം മാത്രമേ നിപ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എത്തി ചേരാൻ പാടുള്ളുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
നിപ കൺട്രോൾ റൂം നമ്പർ (24×7) : 0
കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരുന്ന പക്ഷം ഇ-സഞ്ജീവനി വഴി ഓൺലൈനായി ഡോക്ടർ ലഭ്യമാകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ജനറൽ ഓ പി . സേവനം ലഭ്യമാണ്.