നിലവിൽ പാലക്കാട് ജില്ലയിൽ രണ്ടു പേർക്കാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് അതിൽ കുമരംപുത്തൂർ സ്വദേശി മരണപ്പെടുകയും തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. നിലവിൽ പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 5 പേർ ഐസൊലേഷനിൽ കഴിയുന്നു.
കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 106 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക്ക് ലിസ്റ്റിലും 75 പേർ ലോ റിസ്ക്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്ന് 63 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. കൺട്രോൾ സെല്ലിലേക്ക് ഇന്ന് നിപാ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 28 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുകയുംപരിശോധനയ്ക്കായി പൂനെയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഘം ഇന്ന് (15.07.2025 )അഗളിയിലുള്ള കള്ളമല സന്ദർശിക്കുകയും ചെയ്തു.
നിപ രോഗബാധ പ്രദേശത്ത് ഇന്ന് (15/07/2025) മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചതിനുശേഷം 403 കുടുംബങ്ങൾക്ക് റേഷൻ നേരിട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കുമരംപുത്തൂർ പഞ്ചായത്തിലെ 8, 9, 10, 12, 13, 14 വാർഡുകൾ, കാരക്കുറുശ്ശി പഞ്ചായത്തിലെ 14, 15, 16 വാർഡുകൾ, മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ 24,25 26,27,28 വാർഡുകൾ, കരിമ്പുഴ പഞ്ചായത്തിലെ 4,6,7 വാർഡുകൾ എന്നിവയിലെ എല്ലാ പ്രവേശനകവാടങ്ങളും എക്സിറ്റ് പോയിന്റുകളും അടച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാൻ കർശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ നിപ രോഗിയുടെ റൂട്ട് മാപ്പിൽ പരാമർശിക്കാത്ത കെ.എസ്.ആർ.ടി.സി യാത്രകളെ പറ്റി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരായ പരാതി പോലീസിന് കൈമാറിയിട്ടുണ്ട്.