anugrahavision.com

പി കെ ശശി പ്രശ്നം പാർട്ടി ഒത്തുതീർത്തതായി സൂചന

തിരുവനന്തപുരം. മണ്ണാർക്കാട് നിലനിന്നിരുന്ന വിഭാഗീയ പ്രശ്നങ്ങൾ സിപിഐ എം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് ഒതുക്കി
തീർത്തതായി സൂചന. ബിലാൽ എന്ന് വിശേഷിപ്പിച്ചത് ഒരു സാങ്കല്പിക കഥാപാത്രമാണ് എന്നും ഇതിന് പി.കെ ശശിയുമായി യാതൊരു ബന്ധവും ഇല്ലെന്നും മണ്ണാർക്കാട് ഏരിയ കമ്മിറ്റി പറയുന്നു. ആർഷോ പ്രസംഗിച്ച ഒരു വാക്കിലോ നോക്കിലോ പി കെ ശശിയെ പരാമർശിച്ചിട്ടില്ല എന്നതാണ് മണ്ണാർക്കാട് സിപിഐഎമ്മിന്റെ വാദം. എന്നാൽ മണ്ണാർക്കാട് നഗരസഭ ഉദ്ഘാടനം ചെയ്ത ആയുർവേദ ഡിസ്പെൻസറി ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ഒരു മുക്കിലേക്ക് ഇരുത്തിയതായും മറ്റെന്തിന് ഒക്കെയോ പ്രാധാന്യം കൊടുത്തതായും മണ്ണാർക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി പറഞ്ഞു. പി കെ ശശിയുടെ സ്വതസിദ്ധമായ ഒരു ശൈലി ആണെന്നും ഇതുകൊണ്ട് പാർട്ടിയിൽ ഭിന്നത ഉണ്ടാകില്ലെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. പി കെ ശശി പ്രകോപിതൻ ആയാൽ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ശശിയെ അനുനയിപ്പിക്കാൻ ഒരു സംഘം നേതാക്കൾ തന്നെ മുന്നിട്ടിറങ്ങിയത്. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്നും ഇത് മുതലാക്കുവാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും പാലക്കാട് ജില്ലയിൽ ഉണ്ടെന്നും സിപിഐഎം നേതാക്കൾ പി കെ ശശിയെ അറിയിച്ചിട്ടുണ്ട്. അടുത്തുവരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും ഏപ്രിലിൽ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടാണ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ പറഞ്ഞുതീർത്തത് ഇരുവിഭാഗങ്ങളും നടത്തിയ പരസ്പരം ചെളിവാരി എറിയൽ വെറും ഓലപ്പടക്കം ആയി എന്നതാണ് നിലവിലെ സാഹചര്യം. ഇതോടെ സംസ്ഥാന കമ്മിറ്റിയിൽ ഉള്ള പി കെ ശശിയുടെ സ്വാധീനം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. പഠനകാലം മുതൽക്കുതന്നെ സിപിഐഎമ്മിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പി കെ ശശി പാലക്കാട് ജില്ലയിലെ തന്നെ പ്രമുഖ നേതാവാണ്. ഈ അടുത്തകാലത്തായി പാർട്ടി അച്ചടക്കനടപടിയുടെ പേരിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ശക്തിയോടെ തന്നെ പാർട്ടിക്കുള്ളിലേക്ക് പികെ ശശി തിരിച്ചെത്തും എന്നുള്ളതാണ് നേതാക്കളുടെ കണക്കുകൂട്ടൽ. രണ്ടുദിവസമായി തികച്ചും വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് വീട്ടിൽ വിശ്രമിക്കുന്ന പി കെ ശശി വരും ദിവസങ്ങളിൽ ശക്തമായി തന്നെ പാർട്ടി പ്രവർത്തനങ്ങളിലും പാർട്ടി തന്നെ ഏൽപ്പിച്ച കെ ടി ഡി സി ചെയർമാൻ സ്ഥാനത്തും നിരവധി പ്രവർത്തനങ്ങളുമായി കർമ്മനിരതനാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ഇതോടെ മണ്ണാർക്കാട് നിലനിന്നിരുന്ന സിപിഐഎമ്മിലെ വിഭാഗീയത ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞതായും തുടർന്നുള്ള ദിവസങ്ങളിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ നടത്തുന്നതിനും ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടതായി അറിയുന്നു.

Spread the News

Leave a Comment