തിരുവനന്തപുരം. പി കെ ശശിക്ക് കെടിഡിസി ചെയർമാൻ സ്ഥാനം നഷ്ടമായേക്കും എന്ന് സൂചന. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അടക്കം പി കെ ശശിയുടെ കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിവാക്കണമെന്ന് അതിശക്തമായി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ആയി ബന്ധപ്പെട്ട,പി കെ ശശി ആ പരിപാടിയിൽ പങ്കെടുക്കുന്നതിന് അന്നുതന്നെ പാർട്ടി അണികൾ തടസവാദം ഉന്നയിച്ചിരുന്നു എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തി പികെ ശശി പരിപാടിയിൽ പങ്കെടുക്കുകയും സിപിഐഎം ഉയർത്തിപ്പിടിച്ച അഴിമതി ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് യുഡിഎഫിന്റെ നേതാക്കൾക്കൊപ്പം കൂട്ടുകൂടി സിപിഎം നേതാക്കൾക്കെതിരെ പ്രസംഗിച്ചു എന്നതുമാണ് പി കെ ശശിക്ക് എതിരെ ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം. ഇതിനുമുമ്പ് കരിമ്പുഴ പഞ്ചായത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്തതും കോഴിക്കോട് കോൺഗ്രസ് നേതാവും എംപിയുമായ എം കെ രാഘവൻ നടത്തിയ ഒരു ചടങ്ങിൽ പങ്കെടുത്തതും എല്ലാം കൂട്ടി വായിക്കുമ്പോൾ പി കെ ശശി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ജില്ലാ കമ്മിറ്റിക്ക് ബോധ്യമുണ്ടായിരുന്നു. എന്നാൽ പാർട്ടിയെ തള്ളി പറയാതിരിക്കുകയും ഒരുതരത്തിലും പാർട്ടിയുടെ കുറ്റങ്ങൾ മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുകയും ചെയ്യുന്ന പി കെ ശശിയെ പാർട്ടിയുടെ ഒപ്പം നിർത്താൻ ആയിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. ഇപ്പോൾ മണ്ണാർക്കാട് പാർട്ടി പ്രവർത്തകരും പി കെ ശശിയെ പൂർണ്ണമായും കൈവിട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെപ്പിക്കാനുള്ള തിരക്കുപിടിച്ച ശ്രമങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ നടന്നുവരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ ഏറെ സ്വാധീനമുള്ള ആൾ എന്ന നിലയിൽ ശശിയെ അനുനയിപ്പിച്ച് പാർട്ടിക്കൊപ്പം കൂട്ടണമെന്ന് ഒരു വിഭാഗം പറയുമ്പോൾ എല്ലാ സ്ഥാനമാനങ്ങളും ഒഴിവാക്കിക്കൊണ്ട് പാർട്ടിയുടെ കൂടെ ഒരിക്കലും നിർത്തേണ്ട ആളല്ല പി കെ ശശി എന്നത് മറ്റൊരു വിഭാഗം ശക്തമായി ആരോപിക്കുന്നുണ്ട്.
എന്നാൽ യുഡിഎഫ് ആകട്ടെ പികെ ശശിയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ വലിയ ശ്രമങ്ങൾ ആണ് നടത്തുന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ നേതാക്കളുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന പി കെ ശശിയെ യുഡിഎഫിൽ എത്തിക്കുന്നതിന് ഒരു പ്രയാസവും ഇല്ല എന്നതാണ് നേതാക്കളുടെ അഭിപ്രായം. മാത്രമല്ല പികെ ശശി തങ്ങളുടെ പാളയത്തിൽ എത്തുന്നതോടെ പാലക്കാട് ജില്ലയിലെ ഇപ്പോൾ സിപിഐഎമ്മിന്റെ കൈവശം ഇരിക്കുന്ന പല നിയോജക മണ്ഡലങ്ങളും യുഡിഎഫിന് സ്വന്തമാക്കാൻ കഴിയും എന്നതും വിലയിരുത്തുന്നുണ്ട്. അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി പദം അടക്കം വച്ചു നീട്ടി കൊണ്ടാണ് പി കെ ശശിയുടെ യുഡിഎഫ് പ്രവേശനം ചർച്ചചെയ്യുന്നത്. പി കെ ശശി ഷോർണൂരിൽ മത്സരിച്ചാൽ നല്ല വിജയം ഉറപ്പാക്കാൻ ആവുമെന്നും യുഡിഎഫ് വൃത്തങ്ങൾ പറയുന്നുണ്ട്.
ഏതായാലും അടുത്ത ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ സംജാതമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു