anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാല്‍പാറ ദുരന്തം : രക്ഷാപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി ജില്ലാ ഭരണകൂടം

മലപ്പുറം : നാടിനെ നടുക്കിയ വാല്‍പാറ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട് മലപ്പുറം ജില്ലാ ഭരണകൂടം. ദുരന്തമുണ്ടായ നിമിഷം മുതല്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റവന്യൂ, ആരോഗ്യ, പോലീസ് വകുപ്പുകള്‍ ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതാണ് ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കിയത്.

ഇന്നലെ (വെള്ളി) വൈകുന്നേരം അപകടവാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ മലപ്പുറം ജില്ലാ ഭരണകൂടം സജീവമായി. മലപ്പുറം കളക്ടര്‍, കോയമ്പത്തൂര്‍ കളക്ടര്‍ പവന്‍ കുമാര്‍ ജി. ഗിരിയപ്പനവറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. രണ്ട് ജില്ലകളിലെയും ഭരണകൂടങ്ങള്‍ തമ്മിലുള്ള മികച്ച ഏകോപനം ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ഇന്ന് (ശനി)പുലര്‍ച്ചെ ആറോടെ തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനായി. ഇന്ന് (ശനി) രാവിലെ ഒന്‍പതോടെ ഔദ്യോഗിക സംവിധാനങ്ങളുടെ അകമ്പടിയോടെ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിച്ച ഒന്‍പത് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പൊതു വിദ്യാഭ്യാസ മന്ത്രി, ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലിസ് മേധാവി, പെരിന്തല്‍മണ്ണ സബ്കളക്ടര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

ദുരന്തമുണ്ടായ ഉടന്‍ മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, പോലീസ് എന്നിവര്‍ പൊള്ളാച്ചിയിലെത്തി. പാലക്കാട് നിന്ന് എ.ഡി.എം, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ്, മെഡിക്കല്‍ ടീം എന്നിവരടങ്ങുന്ന സംഘവും ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്കും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള ഒരാള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Spread the News

Leave a Comment