കൊച്ചി. റിമാൻഡിലായി ജയിലിൽ എത്തുന്ന പ്രതികളെ ആദ്യം അഡ്മിഷൻ സെല്ലിൽ പാർപ്പിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുള്ള വൈദ്യ പരിശോധന നടത്തി ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ ഇവരെ ജയിലിൽ മറ്റ് അന്തേവാസികളുമായി ഇടപഴകാൻ അനുവദിച്ച് വരാറുള്ളൂവെന്ന് ആഭ്യന്തര വകുപ്പിന്റെ വ്യക്തത.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള വൈദ്യ പരിശോധന ജയിലുകളിൽ നിർബന്ധമാക്കിയിട്ടും ജയിലുകളിൽ പ്രതികൾക്ക് സാംക്രമിക രോഗങ്ങൾ സ്ഥിതീകരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു. പ്രസ്തുത പരാതിയിൽ സർക്കാർ ജയിൽ വകുപ്പ് മേധാവിയോട് വിശദീകരണം തേടി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലഭ്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നൽകിയ മറുപടി കത്തിലാണ് റിമാൻഡ് പ്രതികളെ അന്തേവാസികളോടൊപ്പം ഇടപെഴകാൻ അനുവദിക്കുന്നതിന് മുമ്പ് വൈദ്യ പരിശോധന പൂർത്തിയായി ഫലം വരുന്നത് വരെ അഡ്മിഷൻ സെല്ലിൽ പാർപ്പിച്ച് വരുന്നതായി സ്ഥിതീകരണം ഉണ്ടായിരിക്കുന്നത്. തവനൂർ സെൻട്രൽ ജയിലിൽ എച് ഐ വി പ്രതികൾക്ക് സ്ഥിതീകരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നത്.