കൊച്ചി. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില സ്‌കൂട്ടർ തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമല്ലെന്ന് തെളിയുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.
മുനമ്പം അന്വേഷണ കമ്മിഷനായി പ്രവർത്തിക്കവെയാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസ് എടുത്തത്. ഹൈക്കോടതി റിട്ട. ജഡ്ജിയും സർക്കാർ നിയോഗിച്ച മുനമ്പം അന്വേഷണ കമ്മിഷനുമായ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കേസിൽ പ്രതി ചേർത്തത് പ്രാഥമിക അന്വേഷണം നടത്താതെയാണെന്നും ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും ഇതിന് പിന്നിൽ ഗൂഡാലോചന ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും മറ്റും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനെ സംബന്ധിച്ച് അന്വേഷിക്കുവാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിലാണ് കേസിലെ വാദിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് റിട്ട. ജഡ്ജി രാമചന്ദ്രൻ നായരെ കേസിൽ പ്രതി ചേർത്തതെന്ന് വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ട് വളരെ രഹസ്യമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ഡിജിപിയ്ക്ക് കൈമാറിയിരുന്നു. അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ വിവരാവകാശ അപേക്ഷയ്ക്ക് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കെതിരെ കേസ് എടുക്കുമ്പോൾ പ്രാഥമിക അന്വേഷണം അനിവാര്യമെന്ന മാനദണ്ഡം പോലീസ് പാലിച്ചില്ലെന്ന അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ വാദത്തെ ശരി വയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.