WP(C) 32493/2019
and
WP(C) 34037/19
കേരള പൊതുജനാരോഗ്യ ആക്ട് 2023-ൽ പരാമർശിച്ചിട്ടുള്ള രോഗങ്ങളുടെ പട്ടികയിൽ പാമ്പ് കടി വിഷബാധയെ ഉൾപ്പെടുത്തുവാൻ സർക്കാരിൽ നടപടികൾ പുരോഗമിക്കുന്നതിൽ ഹൈക്കോടതിയ്ക്ക് തൃപ്തി.
ഇതിനായുള്ള ശുപാർശ ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകിയിട്ടുണ്ടെന്നും സർക്കാർ ഇത് പരിഗണിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷതയായുള്ള ഡിവിഷൻ ബഞ്ചിനെ സർക്കാർ അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിലെ ക്‌ളാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയും ഹൈക്കോടതി സ്വമേധയാ എടുത്ത കേസും സംയുക്തമായി പരിഗണിക്കവെയാണ് സർക്കാർ നടപടിയിൽ കോടതി തൃപ്തി പ്രകടിപ്പിച്ചത്.
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്കായി സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ വിവിധ വകുപ്പുകളെ കൊണ്ട് ഏകോപിച്ച് കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിദ്യാഭ്യാസ , ആരോഗ്യ , തദ്ദേശ സ്വയംഭരണ , വനം വകുപ്പുകൾ ഏകോപിച്ച് സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും ക്‌ളാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി ചീഫ് ജസ്റ്റിസ് നിതിൻ ജാൻദാർ. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് കേസ് പരിഗണിച്ചത്. കേസ് ജൂലൈ 10-ലേക്ക് മാറ്റി.