anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത്: മുഖ്യമന്ത്രി*

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന അനുഭവമാണിത്. കേവലം അറിവ് മാത്രമല്ല, മാനവ മൂല്യങ്ങളാണ് ഇതുവഴി പകരപ്പെടുന്നത്. മറ്റുള്ളവരുടെ ജീവിതവും സങ്കടങ്ങളും മനസ്സിലാക്കാനും സഹജീവികളോടുള്ള അനുഭാവം വളർത്താനും വായന സഹായിക്കും. കോമിക്കുകൾ വായിച്ചുതുടങ്ങിയാണെങ്കിലും കുട്ടികൾ വായനയുടെ വിശാലലോകത്തേക്ക് കടന്നുവരണം. വായനയിലൂടെ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളായി ഓരോരുത്തരും വളരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മാനവശേഷിയെ മറികടക്കുന്നതരത്തിൽ എ ഐ പോലുള്ള സാങ്കേതികവിദ്യകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ആഗോള തൊഴിൽമേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പാഠ്യപദ്ധതിയിലും മാറ്റങ്ങൾ വരുത്തും. ആഗോള തൊഴിൽമേഖലയിലെ മാറ്റങ്ങൾ പഠിക്കുന്നതിനായി ‘ഗ്ലോബൽ ജോബ് വാച്ച്’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പോകാതെ തന്നെ കേരളത്തിൽ മികച്ച വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണും സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും മുഖ്യാതിഥികളായി. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി. ജെ. കുര്യൻ, കേരള നിയമസഭാ മുൻ സ്പീക്കർ എം. വിജയകുമാർ, വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ സബിൻ സമീദ്, സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ, ചലച്ചിത്ര സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ തുടങ്ങിയവർ സന്നിഹിതരായി.

Spread the News

Leave a Comment