തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു.
“പോക്സോ ഉൾപ്പെടെ എട്ടോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ജനുവരി 12 നാണ് കൊല്ലം ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. 2022ൽ പെൺകുട്ടിക്ക് മിഠായി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിരുന്നു. ആ കേസിൽ ജയിലില്‍ കഴിഞ്ഞിരുന്നു. ഭവനഭേദനം, ഓട്ടോ മോഷണം, തുടങ്ങി പല കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആരുമായും ബന്ധമില്ലാത്ത ആളാണ്. അലഞ്ഞുതിരിയുന്ന ആളാണ്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ അലഞ്ഞു.” – കമ്മിഷണർ പറഞ്ഞു. “പ്രതി സ്ഥിരം പോക്സോ കുറ്റവാളിയാണ്. 2022ൽ അയിരൂരിൽ ഒരു കേസുണ്ട്. നിലവിൽ സമാനമായ കേസുണ്ട്. പ്രതിയുടെ സംസാരത്തിൽനിന്ന് ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ വേറെയും ചെയ്തിട്ടുണ്ടെന്ന് മനസിലായി”– സി.എച്ച്.നാഗരാജു വിശദീകരിച്ചു. പ്രതി കുട്ടിയെ തട്ടിയെടുത്ത രീതിയെക്കുറിച്ചും കമ്മിഷണർ വിശദീകരിച്ചു. “പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നു പ്രതി പറഞ്ഞു”– കമ്മിഷണർ വിശദീകരിച്ചു. രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണു പൊലീസ് നിഗമനം.
No Comment.