ചെർപ്പുളശ്ശേരി/തൂത:* വള്ളുവനാടൻ ഉത്സവപറമ്പുകളിലെ കച്ചവടക്കാരിൽ നിറസാന്നിധ്യമാണ് സൈതലവി ഹാജി. മാരായമംഗലം കുളപ്പട ഒറവകിഴായിൽ സൈതലവി ഹാജിക്ക് പൂരങ്ങളും ആഘോഷങ്ങളും ഉന്മേഷത്തിന്റെയും സമൃദ്ധിയുടെയും നാളുകളാണ് നൽകുന്നത്. എവിടെ ചെണ്ടക്കോൽ ശബ്ദം കേട്ടാലും അവിടെ സൈതലവി ഹാജിയുടെ സാന്നിധ്യം ഉറപ്പിക്കാം. കഴിഞ്ഞ 40 വർഷത്തിലേറെയായി പൂരപ്പറമ്പുകളിലെ നിറ സാന്നിധ്യമാണ് മധുര പലഹാര കച്ചവടം നടത്തുന്ന ഇദ്ദേഹം. പൂരക്കച്ചവടം എന്നാൽ സൈതലവി ഹാജിക്ക് ഒരു ലഹരിയാണ്.
മുൻകാലങ്ങളിൽ പൊരിയും ഹൽവയും ഈത്തപ്പഴവും മുറുക്കുമാണ് വ്യാപാരം ചെയ്തിരുന്നത്. എന്നാൽ ഇന്ന് യുവതലമുറക്ക് ഇവയെല്ലാം അപ്രിയമായതോടെ അവരുടെ അഭിരുചിക്ക് അനുസരിച്ച് കച്ചവടത്തിലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ തേനൂറുന്ന മധുരപലഹാരങ്ങൾക്ക് പുറമെ പൊരിയും കോഴിക്കോടൻ ഹൽവയും മാത്രമല്ല കുട്ടികൾക്ക് പ്രിയങ്കരമായ ലെയ്‌സുകളുൾപ്പെടെ എരിവും പുളിയുമുള്ള പല വിഭവങ്ങളും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒരു കിലോ ഹൽവക്ക് പത്തും ഇരുപതും രൂപക്ക് വിറ്റിരുന്ന കാലത്ത്… ഇന്നത്തെ പോലെ വാഹന സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത്.. കോഴിക്കോട് നിന്നും ഒന്നര തുലാം, (അതായത് 24 കിലോ) തൂക്കംവരുന്ന ഓലകൊണ്ടുള്ള പായയിൽ പൊതിഞ്ഞ ‘ഹൽവ കെട്ടുകൾ’ വല്ലപ്പോഴും മാത്രമുണ്ടായിരുന്ന ബസുകളിൽ കൊണ്ടുവന്നും ഗതാഗത സൗകര്യം ഇല്ലാത്ത ഇടങ്ങളിലേക്ക് തലച്ചുമടായും സാധന സാമഗ്രികൾ ഉത്സവപ്പറമ്പുകളിൽ എത്തിച്ച് കച്ചവടം തുടങ്ങിയതാണ് സൈതലവി ഹാജി. ഉത്സവപറമ്പിന്റെ അയൽ വീടുകളിൽ നിന്നും പരിജയക്കാരിൽ നിന്നും കട്ടിലും മേശയുമെല്ലാം സംഘടിപ്പിച്ചാണ് അന്ന് കച്ചവടം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് എന്തും വാടകക്ക് കിട്ടുന്ന കാലവും ഫോണെടുത്ത് ഒന്ന് വിളിച്ചു പറഞ്ഞാൽ എല്ലാം ലൊക്കേഷനിൽ എത്തുന്ന കാലവും ആയി മാറിയിട്ടുണ്ട്. ഇപ്പോൾ അടുത്ത് ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് പോകുന്നത് ചെർപ്പുളശ്ശേരി, ആനമങ്ങാട്, ഏലംകുളം, മാരായമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ഉത്സവപ്പറമ്പുകളിലെല്ലാം ഹാജിയുടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഉത്സവത്തിനെത്തുന്നവർക്ക് ഈ മധുരം കൂടി രുചിച്ചാൽ മാത്രമേ ആഘോഷത്തിന്റെ പാരമ്യത ലഭിക്കുകയുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.
ഈ മാസം 13 ഓടെ തൂതപുരം കൂടി സമാപിക്കുമ്പോൾ ഈ വർഷത്തെ വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് തിരശ്ശീല വീഴുമെങ്കിലും ഏതാനും ദിവസം കൂടി തൂതയിൽ തന്നെ കച്ചവടം തുടരും. പിന്നീട് അടുത്ത പൂരക്കാലത്തിന്റെ വരവും കാത്ത് തന്റെ നാട്ടിൽ നടത്തുന്ന പലചരക്ക് കടയുമായി ദിവസങ്ങൾ തള്ളിനീക്കും. സാധാരണ പോലെ കച്ചവടത്തിൽ സഹായിക്കാൻ ഇപ്രാവശ്യവും സൈതലവി ഹാജിയുടെ മകൻ ഷൗക്കത്തലിയും വിദേശത്ത് നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ സഹായത്തിനായി സൈതലവി ഹാജിയുടെ രണ്ട് മരുമക്കളും കൂടെയുണ്ട്. ഇനിയുള്ള ദിവസങ്ങൾ പൂരപ്രേമികൾക്ക് മധുരം കൂട്ടുന്ന തിരക്കിലാണ് ഇവർ.