ചെർപ്പുളശ്ശേരി. അഞ്ചുമാസക്കാലത്തിലധികം ഗ്രാമങ്ങളിൽ ഉത്സവം വിതച്ചുകൊണ്ട് നടന്നിരുന്ന കാവുത്സവങ്ങൾ ചൊവ്വാഴ്ച പരിസമാപ്തിയിലെത്തുകയാണ്. അമ്മ ദൈവങ്ങളെ ആരാധിക്കുന്ന വള്ളുവനാടൻ കാർഷിക ജനത കന്നുകാലികളുടെ ക്ഷേമത്തിനും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ അഭിവൃദ്ധിക്കും നടത്തി പോന്നിരുന്നതാണ് വള്ളുവനാടൻ കാവുൽസവങ്ങൾ. ആലിൽ തുടങ്ങി മുളയിൽ അവസാനിക്കുന്ന വള്ളുവനാടൻ കാവുത്സവങ്ങളിൽ കാളവേലയാണ് പ്രധാനം. 41 ദിവസം നീണ്ടുനിൽക്കുന്ന രാമായണം തോൽപ്പാവക്കൂത്തും ക്ഷേത്രോത്സവങ്ങളുടെ പ്രത്യേകതകളാണ്. മുളയൻകാവ്, തൂത ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ തിങ്കളാഴ്ച കാളവേലയും, ചൊവ്വാഴ്ച പൂരവും നടക്കും. 50ലധികം ജോഡി ഇണക്കാളകൾ കാളവേല ദിവസം ഈ രണ്ടു കാവുകളിലും ദേവിക്ക് വഴിപാട് സമർപ്പിക്കും.
ചൊവ്വാഴ്ച നടക്കുന്ന പൂരത്തിന് തൂതയിൽ ആനകൾക്കാണ് പ്രാധാന്യം. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ നാഗത്ത റമേളം തൂതയിൽ നടക്കും. എ ബി വിഭാഗങ്ങളിലായി 50 ഓളം ആനകൾ എഴുന്നള്ളി പ്രസിദ്ധമായ കുടമാറ്റവും നടക്കും. തൃശ്ശൂർ പൂരത്തിന് ഉപയോഗിച്ച കുടകൾ ആയിരിക്കും തൂതയിലെത്തിച്ച് കാണികൾക്ക് ഹരം പകരാൻ ആനപ്പുറത്ത് ചൂടി നിൽക്കുന്നത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ ഈ ദിവസം തൂതയിൽ എത്തിച്ചേരും. പടുകൂറ്റൻ അലങ്കാര പന്തലുകൾ ഇത്തവണ തൂ തകാവിലെ പ്രത്യേകതയാണ്. ജനകീയ കമ്മിറ്റികളാണ് പൂരങ്ങൾ നിയന്ത്രിക്കുന്നത്. തലയെടുപ്പുള്ള ഗജവീരന്മാർ തൂതക്കാവിലമ്മയുടെ തിരുമുറ്റത്തെ ജനങ്ങൾക്ക് മുന്നിലെത്തി എഴുന്നള്ളത്ത് നടത്തും. പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജനകീയ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് അനന്ത നാരായണൻ പറഞ്ഞു.