anugrahavision.com

സാംസ്‌കാരിക മേഖലയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്: മന്ത്രി സജി ചെറിയാന്‍*

പാലക്കാട്‌. സാംസ്‌കാരിക മേഖലയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വി.ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിന്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലെയും കലാകാരന്മാര്‍ക്ക് വന്ന് താമസിച്ച് കലാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഏറ്റവും ആധുനികമായ സാങ്കേതി സംവിധാനങ്ങളോട് കൂടിയിട്ടുള്ള ഒരു സാംസ്‌കാരിക സമുച്ചയമാണ് നമ്മള്‍ പൂര്‍ത്തീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ മറ്റ് സംവിധാനങ്ങള്‍ എല്ലാ ഇതിന്റെ ഭാഗമായി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ നവോത്ഥാന രംഗത്ത് ജാതി-മത ബോധങ്ങള്‍ക്കപ്പുറം മനുഷ്യന്റെ സാമൂഹ്യമായ ഉയര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള ഉടപെടലുകള്‍ക്ക് നേതൃത്വം കുറിച്ച് ആളാണ് വി.ടി ഭട്ടതിരിപ്പാട്. സംസ്ഥാനത്തെ ഒരോ ജില്ലയിലെയും നവോത്ഥാന നായകരുടെ പേര് നിശ്ചയിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ വി.ടി ഭട്ടതിരിപ്പാടിന്റെ പേരാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കൊല്ലം ജില്ലയില്‍ ശ്രീനാരായണ ഗുരുവിന്റെ നാമഥേയത്തിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പൂര്‍ത്തിയായി. കാസര്‍ഗോഡ് ജില്ലയിലെ സാംസ്‌കാരിക കേന്ദ്രം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വരുമ്പോള്‍ ഈ കെട്ടിടങ്ങളുടെയെല്ലാം തുടക്കമായിരുന്നു. പിന്നീട് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആറ് ജില്ലയില്‍ അഞ്ച് ഏക്കര്‍ സ്ഥലം വീതം ഏറ്റെടുത്തു. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഈ ജില്ലകളിലെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും. അടുത്ത ഗവണ്‍മെന്റ് വരുമ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലയിലും ഡി.ടി.പി.സി മോഡല്‍ കള്‍ച്ചറല്‍ പ്രൊമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും. ഇവയുടെ നേതൃത്വത്തിലായിരിക്കും കൂടുതല്‍ മികവുറ്റതാക്കുന്നതിനായി സാംസ്‌കാരിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
കലാമണ്ഡലം സര്‍വകലാശാല കലാ സാംസ്‌കാരിക സര്‍വ്വകലാശാലയായി മാറുന്നതോടെ കലാ മേഖലയിലുളളവര്‍ക്ക് പഠിക്കാനും ആ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുന്നത്.സിനിമാരംഗത്തും വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഒരു സിനിമ ഷൂട്ടിംഗ് കേന്ദ്രം കേരളത്തില്‍ തുടങ്ങാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സിനിമ ടൂറിസത്തിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി ഉള്ള പ്രോജക്ടുകള്‍ ഇപ്പോള്‍ തയാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മിക്ക തിയേറ്ററുകളും നവീകരിച്ചു കഴിഞ്ഞു. ഒരുപാട് പുതിയ സ്‌ക്രീനുകള്‍ വരുന്നു. അങ്ങനെ വ്യത്യസ്തമായ നിലയിലേക്ക് സിനിമ മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധമായ അക്രമവാസനയില്ലാത്ത മാനവ സമൂഹത്തിന്റെ സേവകനായി മാറാന്‍ കഴിയുന്ന മാനവികതയെ ചേര്‍ത്തുപിടിക്കുന്ന സമൂഹത്തെ നവ കേരള സൃഷ്ടിയുടെ ഭാഗമായി നാം ആഗ്രഹിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് സാംസ്‌കാരിക വകുപ്പ് ചെയ്യുന്നത്. വിവിധ മേഖലകളിലായി പതിനയ്യായിരത്തോളം കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും കലാകാരന്മാര്‍ക്ക് സംരക്ഷണകേന്ദ്രം ഒരുക്കുന്നതിനുളള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗത സംഘരൂപീകരണ യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, എ.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പബ്ലിക് ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ടി.പി പ്രമോദ്, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഒ.വി വിജയന്‍ സ്മാരക സെക്രട്ടറി ടി.ആര്‍ അജയന്‍, വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിതികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പരിപാടിയുടെ വിജയത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ചെയര്‍മാനായും ടി.ആര്‍ അജയന്‍ കണ്‍വീനറായും 251 അംഗളങ്ങടങ്ങുന്ന സ്വാഗത സംഘവും 501 സംഘാടകസമിതിയും രൂപികരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യൂതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ മുഖ്യരക്ഷാധികാരികളായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വര്‍ക്കിംഗ് ചെയര്‍പേഴ്‌സണായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന സ്വാഗത സംഘമാണ് രൂപീകരിച്ചത്.

 

Spread the News

Leave a Comment