ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവിടെ ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍റെ വസതിയില്‍ കഴിഞ്ഞ ദിവസം പോയിരുന്നു. ഭീകരാക്രമണത്തില്‍ മനഃസ്ഥൈര്യം കൈവിടാതെ മക്കളെയും മാതാവിനെയും ചേര്‍ത്തുപിടിച്ചത് രാമചന്ദ്രന്‍റെ മകള്‍ ആരതിയാണ്. ആ പെണ്‍കുട്ടി ആപദ്ഘട്ടത്തില്‍ കാണിച്ച ധൈര്യം മാതൃകാപരമാണ്.
രാജ്യത്തിനെതിരെ നടന്ന മനുഷ്യത്വരഹിതമായ ഈ ആക്രമണം മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണ്. ജാതിയും മതവും വംശവും ദേശവും ഏതുമാകട്ടെ, മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവും സുരക്ഷിതത്വവുമുള്ള ജീവിതമാണ്. എന്നാല്‍ ഭീകരവാദവും വര്‍ഗീയതയും പോലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ അതിന്‍റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.
ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്‍റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. കശ്മീരില്‍ നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത തീവ്രവാദ പ്രവര്‍ത്തനത്തിനു തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. എല്ലാതരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായ പ്രതിരോധമുയര്‍ത്താനും സാഹോദര്യത്തിനും മാനവികതയ്ക്കുമായി നിലകൊള്ളാനും ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് സാധിക്കണം. വിദ്രോഹ ശക്തികള്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം.
*മാര്‍പ്പാപ്പ*
വിദ്വേഷ ചിന്താഗതികള്‍ക്ക് സാന്നിധ്യമില്ലാത്ത, സ്നേഹവും സാഹോദര്യവും വാഴുന്ന ലോകത്തിനായുള്ള മനുഷ്യരുടെ പോരാട്ടത്തിന് ഊര്‍ജ്ജമായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് നമ്മെ വിട്ടുപിരിഞ്ഞത്. അഭിവന്ദ്യനായ മാര്‍പ്പാപ്പയുടെ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പാവപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും വിമോചനത്തിനും ലോകസമാധാനത്തിനും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാവരേയും ഒരുപോലെ സ്വീകരിക്കുന്ന, തുല്യ അവകാശങ്ങളുള്ള, സ്വതന്ത്രവും സമാനാധപൂര്‍ണ്ണവുമായ ലോകത്തിനായി നിലകൊണ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവിതം വെല്ലുവിളികളെ മറികടക്കാന്‍ നമുക്ക് പ്രചോദനമാകട്ടെ
*വാര്‍ഷികം*
സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഈ മാസം 21ന് കാസര്‍കോട് തുടക്കം കുറിച്ചു. തുടര്‍ഭരണം ലഭിച്ചത് കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ആണ് കടക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടെ ഓരോ കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. സര്‍ക്കാരിന്‍റെ വാര്‍ഷികത്തെയും അതോടൊപ്പം ഉള്ള പ്രദര്‍ശന മേളയെയും ജനങ്ങള്‍ ആകെ ഏറ്റെടുക്കുന്ന സ്ഥിതിയാണ്.
ഒരു കൂട്ടര്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്കരിക്കുമെന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നിലയിലേക്ക് എത്തുന്നത്.
സമസ്ത മേഖലയിലെയും വികസനവും അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നിലകൊള്ളുന്നു എന്നതാണ് അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധിക്കിടയിലും അതിനെയെല്ലാം മറികടന്നുകൊണ്ട് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ആ വെല്ലുവിളി ഏറ്റെടുത്തു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ദുഷ്പ്രചരണങ്ങളിലൂടെ സര്‍ക്കാരിനെ ഇല്ലായ്മ ചെയ്തു കളയാം എന്നാണ് ചിലരുടെ ചിന്ത. അതിന് ജനങ്ങള്‍ നല്‍കുന്ന മറുപടിയാണ് വാര്‍ഷികാഘോഷങ്ങളില്‍ എത്തിച്ചേരുന്ന ജനസാഗരം. കഴിഞ്ഞ 9 വര്‍ഷമായി നാട്ടില്‍ ഉണ്ടായ മാറ്റങ്ങളുടെ ഗുണഭോക്താക്കളാണ് ഇവിടുത്തെ ജനങ്ങള്‍. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഒരു സര്‍ക്കാര്‍ ഇവിടെ നിലകൊള്ളുന്നു എന്നത് ഏതൊരു ജനവിഭാഗത്തിന്‍റെയും ആഗ്രഹ സഫലീകരണമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ, ഐടി മേഖലകളിലും വന്‍കിട പദ്ധതികളുടെ കാര്യത്തിലും, റോഡ് വികസനത്തിലും നാട് മുന്നോട്ടു കുതിക്കുകയാണ്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കി കൊണ്ടുള്ള ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. അടുത്ത ഒരു വര്‍ഷം അതിന്‍റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്‍റെ ശക്തി.
*വിഴിഞ്ഞം*
പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഒരോ മലയാളിക്കുമുള്ള സമ്മാനമായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ്ങ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. മേയ് രണ്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാവുകയാണ്.
ഇതൊരു പുതിയ തുറമുഖത്തിന്‍റെ തുടക്കം കുറിക്കല്‍ മാത്രമല്ല; ഇന്ത്യന്‍ വ്യാപാരത്തിനും ലോജിസ്റ്റിക്സിനും ആഗോള തലത്തില്‍ നിര്‍ണ്ണായക സ്ഥാനം നല്‍കുന്ന ഒരു പുതിയ യുഗത്തിന്‍റെ പ്രാരംഭ മുഹൂര്‍ത്തവുമാണ്. ഉപഭൂഖണ്ഡത്തിന്‍റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്‍റെ പുതിയ കാറ്റ് വീശാന്‍ തയ്യാറെടുക്കുന്ന ഒരു വന്‍കിട പദ്ധതി, കേരള സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെയും ദീര്‍ഘവീക്ഷണത്തിന്‍റെയും പ്രതീകമായി യാഥാര്‍ത്ഥ്യമാവുകയാണ്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പോര്‍ട്ടിലെത്തി അവിടെ നിര്‍മ്മാണ പുരോഗതിയും കമ്മീഷനിങ്ങിനുള്ള തയ്യാറെടുപ്പും നേരിട്ട് കണ്ടിരുന്നു. രാജ്യത്തെ തന്നെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്മെന്‍റ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യന്‍ കണ്ടെയ്നര്‍ നീക്കത്തിന്‍റെ 75% വും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് കാര്‍ഗോയും വിഴിഞ്ഞത്തേക്കെത്തും.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവില്‍ ആകെ പദ്ധതിച്ചെലവിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സര്‍ക്കാരാണ്. നിര്‍ണ്ണായകമായ പുലിമുട്ട് നിര്‍മ്മാണം പോലുള്ള ഘടകങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിംഗോടെയാണ് പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പുലിമുട്ടിന്‍റെ ആദ്യ ഘട്ടം. 28 മീറ്റര്‍ ഉയരം വരുന്ന, ഏകദേശം 9 നില കെട്ടിടത്തിന് തുല്യം ഉയരമുള്ള ഈ നിര്‍മ്മിതി, ഏത് കാലാവസ്ഥയിലും തുറമുഖത്തിന്‍റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
2023 ഒക്ടോബര്‍ 15 ന് ഷെന്‍ഹുവ എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയല്‍ റണ്‍ വേളയില്‍ത്തന്നെ 272 ല്‍ പരം കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തില്‍ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതും തുറമുഖത്തിന്‍റെ അനന്തമായ സാധ്യതയാണ് കാട്ടിത്തരുന്നത്.
പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും സുരക്ഷയും നല്‍കുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു.
വിജിഎഫ് കരാര്‍ ഒപ്പിട്ടതോടെ വിഴിഞ്ഞം പോര്‍ട്ടിന്‍റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ കേരളം എന്ന പേര് തങ്കലിപികളില്‍ എഴുതപ്പെടുകയാണ്.
2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ കണ്ടെയിനര്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുര്‍ക്കിയെ ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്യുകയുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സര്‍വീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്. എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് പോകുന്ന കപ്പല്‍ പാതയിലെ പ്രധാന സര്‍വീസുകളില്‍ ഒന്നാണ് ജേഡ് സര്‍വീസ്. ഈ സര്‍വീസിലെ ദക്ഷിണ ഏഷ്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്.
ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സര്‍വീസില്‍, വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്നതും ഉയര്‍ന്നതോതില്‍ കണ്ടെയ്നറുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമാണ് എം എസ് സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ പട്ടികയിലേക്ക് ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയെന്നത് വലിയ നേട്ടമാണ്. ഇതോടെ ദക്ഷിണേഷ്യയിലുള്ള ചൈനയിലെ ക്വിങ്ദാവോ, നിങ്ബോഷൗഷാന്‍, ഷാങ്ഹായ്, യാന്‍റിയന്‍ ദക്ഷിണ കൊറിയയിലെ ബുസാന്‍, സിംഗപ്പൂര്‍ എന്നീ വന്‍കിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എത്തിച്ചേരുന്നത്. സിംഗപ്പൂരില്‍ നിന്നും വിഴിഞ്ഞത്തെത്തുന്ന എം എസ് സി കപ്പല്‍ അവിടെ നിന്നും സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്കും തുടര്‍ന്ന് ബാഴ്സലോണ തുറമുഖം വഴി അവസാന കേന്ദ്രമായ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തേക്കുമാണ് പോവുക.
ജേഡ് സര്‍വീസില്‍ ഇടം പിടിച്ചതോടെ ദക്ഷിണ ഏഷ്യയുടെ ചരക്കു ഗതാഗത മുഖമായി വിഴിഞ്ഞം മാറുകയാണ്. ഇതോടെ ഇന്ത്യയിലേക്കു വരുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്ത് വന്നു കേന്ദ്രീകരിക്കുകയും ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലേക്ക് മാറും.
പദ്ധതിയില്‍ അറുപത് ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടത്. 40 വര്‍ഷത്തേക്കുള്ള ആ കരാര്‍ പ്രകാരം ബി.ഒ.ടി വ്യവസ്ഥയിലുള്ള പദ്ധതിയില്‍ 20 വര്‍ഷം സര്‍ക്കാരിന് ലാഭവിഹിതം ഇല്ലാത്ത നിലയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വര്‍ഷം മാത്രം 1 % ലാഭവിഹിതം ലഭിക്കും. പിന്നീട് ഒരോവര്‍ഷവും 1% വീതം അധിക ലാഭവിഹിതം. കരാറില്‍ നിന്ന് പിന്മാറിയാല്‍ സര്‍ക്കാര്‍ വന്‍ നഷ്ടപരിഹാരം നല്‍കേണ്ട വ്യവസ്ഥയുമുണ്ടായിരുന്നു.
ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ലിമെന്‍ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവെച്ചതിന്‍റെ പ്രാധാന്യം. പലവിധ കാരണങ്ങളാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകിയ സാഹചര്യത്തില്‍ തുറുമുഖത്തില്‍ നിന്നുളള വരുമാനം സംസ്ഥാനത്തിന് 2039ല്‍ മാത്രമേ ലഭിക്കു എന്നതായിരുന്നു നേരത്തെയുള്ള സാഹചര്യം. അതായത് പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്‍റെ വിഹിതം ലഭിച്ചു തുടങ്ങുക.
ഇപ്പോള്‍ ഒപ്പുവെച്ച സപ്ലിമെന്‍ററി കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും. മാത്രമല്ല, മൂലകരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ അന്തിമഘട്ടം പൂര്‍ത്തിയാക്കേണ്ടത് 2045 ല്‍ ആയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച സപ്ലിമെന്‍ററി കരാര്‍ പ്രകാരം 2028 ല്‍ തന്നെ എല്ലാവിധമായ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരും അദാനി കമ്പനിയും തമ്മിലുളള ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം നിശ്ചയിച്ച സമയക്രമത്തിനേക്കാള്‍ വേഗത്തിലായത്. അതായത് 2045 ല്‍ മാത്രം തീരേണ്ട പദ്ധതി 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2028ല്‍ തന്നെ തീരുന്ന നിലയുണ്ടാവുന്നത്.
2028 നകം തുറമുഖ നിര്‍മ്മാണത്തിന്‍റെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്സ് ആയിരിക്കും വഹിക്കുക.
വിഴിഞ്ഞം ഒരു യഥാര്‍ത്ഥ മള്‍ട്ടിമോഡല്‍ ഹബ്ബാണ്. ദേശീയ പാത 66ലേക്ക് ചുരുങ്ങിയ സമയത്തില്‍ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വര്‍ദ്ധിച്ച ചരക്ക് ഗതാഗതം സുഗമമാക്കാന്‍ കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്‍റര്‍ചേഞ്ച് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്ന റെയില്‍ പാത രാജ്യത്തിന്‍റെ റെയില്‍ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നുംകേവലം 15 കീ.മി. ദൂരമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖത്തിന്‍റെ സംയോജിത കണക്റ്റിവിറ്റി പൂര്‍ണ്ണമാക്കുന്നു.
തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ വ്യാവസായിക വളര്‍ച്ചയുണ്ടാകും. അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായും സമൂഹത്തിൻ്റെ കൈത്താങ്ങ് എന്ന നിലയിലും വിഴിഞ്ഞം ഒരു ശക്തമായ സാമ്പത്തിക എഞ്ചിനായി മാറുകയാണ്.
പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ വി.ജി.എഫ് ഗ്രാന്‍റ് എന്ന സഹായത്തിനു പകരമായി, ലഭിക്കുന്ന ലാഭ വിഹിതത്തിന്‍റെഷെയര്‍ ആണ് ചോദിച്ചിരിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍ 5,370.86 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2497 കോടി രൂപ അദാനി പോര്‍ട്സും വഹിക്കും.
വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ സെമിഓട്ടോമേറ്റഡ് തുറമുഖമാണെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ഇത് പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റ് ചെയ്യുന്ന ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും ഉപയോഗിച്ച് കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും കണ്ടെയ്നര്‍ കൈമാറ്റം നടത്തുന്നു. ടെര്‍മിനല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി (ടി.ഒ.എസ്) ചേര്‍ന്ന അത്യാധുനിക ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഈ തുറമുഖം കപ്പലുകളുടെ തിരികെ പോയ സമയം കുറച്ച് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആര്‍.എം.ജിക്രെയിന്‍ ഓപ്പറേറ്ററായി സ്ത്രീകളെ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തില്‍ ശ്രദ്ധ നേടി.
ഐ.ഐ.ടി മദ്രാസും മാരിടൈം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വികസിപ്പിച്ച, എ.ഐ, റഡാര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ച പുതിയ തലമുറ വെസ്സല്‍ ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം (വി.ടി.എം.എസ്) കപ്പലുകളുടെ ചലനങ്ങള്‍ കൃത്യമായി നിയന്ത്രിക്കുന്നു.
പരീക്ഷണ പ്രവര്‍ത്തന വേളയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖം, നേരിട്ട് 755ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. 67% ജീവനക്കാരും കേരളത്തില്‍ നിന്നുള്ളവരാണ്. 35% പേര്‍ വിഴിഞ്ഞം തദ്ദേശീയരും. തുറമുഖ വികസനം നാടിന്‍റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ച കൂടി പരിഗണിച്ചു കൊണ്ടാണ് എന്നതിന്‍റെ തെളിവാണിത്.
പദ്ധതിക്ക് ആവശ്യമായ ഭൂമി കടല്‍നികത്തി എടുത്തിട്ടുണ്ട്. തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2,960 മീറ്ററിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍ 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഔട്ടര്‍ ഇന്നര്‍ അപ്രോച്ച് ചാനല്‍, ടേണിംഗ് പോക്കറ്റ്, ബെര്‍ത്ത് പോക്കറ്റ്, എന്നീവക്ക് ആവശ്യമായ ആഴം കൈവരിച്ചിട്ടുണ്ട്. ബ്രേക്ക് വാട്ടര്‍ കോര്‍ലെയര്‍ പൂര്‍ത്തിയായി. ആര്‍മര്‍ ലെയര്‍, അക്രോപോഡ് ലെയര്‍, വേവ് വാള്‍ എന്നിവയടക്കം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി. തുറുമുഖത്തെ കെട്ടിടങ്ങള്‍, കണ്ടെയ്നര്‍ ബൈര്‍ത്ത്, കണ്ടെയ്നര്‍ യാര്‍ഡ് എന്നീവ പൂര്‍ത്തീകരിച്ചു. ഏട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളും സ്ഥാപിച്ചിട്ടുണ്ട്. ടഗ്ഗ് ബോട്ട്,പൈലറ്റ് കം സര്‍വ്വേ വെസല്‍ എന്നിവ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. തുറുമുഖം പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായുളള എല്ലാ കേന്ദ്ര അനുമതികളും ലഭ്യമായി കഴിഞ്ഞിട്ടുമുണ്ട്.
റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാക്കാന്‍ 2028 ഡിസംബര്‍ വരെ സമയം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വേയെ ഇതിന്‍റെ ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉളള റെയില്‍ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുളള പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ട്. തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാതയുടെ 9.2 കിലോമീറ്ററും ടണല്‍ വഴിയാണ് കടന്ന് പോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം 1482.92 കോടി ചിലവാകും. റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നത് വരെ താല്‍കാലിക സംവിധാനം എന്ന നിലയില്‍ കണ്ടെയിനര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ റെയില്‍വേയുമായി നടന്നുവരുന്നു.
തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്, വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. നിലവിലെ മത്സ്യബന്ധന തുറമുഖം ആധുനികവല്‍ക്കരിച്ച്, ആവശ്യമായ അധിക സൗകര്യങ്ങളും ബര്‍ത്തുകളും സ്ഥാപിക്കുവാനുള്ള പദ്ധതി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പു നടപ്പിലാക്കുന്നതാണ്. ഇതിനായി 48 കോടി രൂപയുടെയും 25 കോടി രൂപയുടെയും രണ്ട് പദ്ധതികള്‍ എച്ച്.ഇ.ഡി തയ്യാറാക്കി പി.എം.എം.എസ്.വൈ സ്കീമില്‍ നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 256 കോടി രൂപ മുതല്‍മുടക്കില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു പുതിയ മത്സ്യ ബന്ധന തുറമുഖം വിസില്‍, എ.വി.പി.പി.എല്‍ ഇവയുടെ സഹായത്തോടെ നിര്‍മ്മിക്കുന്നതാണ്. ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 3000 പേര്‍ക്ക് ജീവനോപാധി നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികള്‍ വിവിധ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്‍റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനത്തിന് 50 കോടി രൂപ ചിലവില്‍ ട്രെയിനിംഗ് സെന്‍റര്‍ കൂടി ഒരുക്കിക്കൊണ്ട് കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു.
പോര്‍ട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്‍റെ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറ്റുന്ന ബൃഹത് പദ്ധതിയാകും ഇത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.
തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്‍റെ ഫലമായി 114.30 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു.
പദ്ധതി നടപ്പാക്കുന്നതിനിടയില്‍ നിരവധി പ്രകൃതിക്ഷോഭങ്ങളാണ് നേരിട്ടത്. നിര്‍മാണ വസ്തുക്കളുടെ കുറവ് കാരണം പദ്ധതിയുടെ നിര്‍ണായക ഘടകമായ 3000 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടറിന്‍റെ പുരോഗതി മന്ദഗതിയിലായ സ്ഥിതിയുണ്ടായിരുന്നു. 2017 ഡിസംബറില്‍ അതുവരെ നിര്‍മ്മിച്ച ബ്രേക്ക് വാട്ടറിന് പടിഞ്ഞാറന്‍ തീരത്തെ ഓഖി ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ടു. പിന്നീട് 2018ലെ പ്രളയം, 2018ലെ അസാധാരണമായ ഉയര്‍ന്ന തിരമാലകള്‍, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ എന്നീ ചുഴലിക്കാറ്റുകള്‍, പ്രാദേശിക പ്രക്ഷോഭം, കോവിഡ് 19ന്‍റെ ആഗോള പ്രതിസന്ധി എന്നിങ്ങനെ വിവിധ തടസ്സങ്ങള്‍ മറികടന്നാണ് മറ്റിടങ്ങളില്‍ നിന്നടക്കം പാറക്കല്ലുകള്‍ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. څഎന്തിനെക്കുറിച്ചും നമുക്ക് ചര്‍ച്ചചെയ്യാം, വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെയ്ക്കുന്നതൊഴികെچ എന്നാണ് തെറ്റിധാരണകളില്‍ നിന്നും പദ്ധതി പ്രദേശത്ത് സമരങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.
സര്‍ക്കാരിന്‍റെ പത്താം വാര്‍ഷികത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്ന ഈ അഭിമാന പദ്ധതി, സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണ്ണായക പങ്കാളിത്തത്തോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന, തന്ത്രപരമായ സമുദ്ര സാന്നിദ്ധ്യം ഉറപ്പിക്കുന്ന, ആഗോള വ്യാപാരത്തിന്‍റെ ഭാവിയെ പുല്‍കുന്ന ഒരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്‍റെ ചരിത്ര പ്രധാനമായ സാമൂഹ്യസാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന യാത്ര ആരംഭിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കൂടുതല്‍ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഒരു പുതിയ കവാടമായി മാറുകയാണ് ഈ തുറമുഖം. ഈ പുതിയ സമുദ്രയുഗത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം കാത്തിരിക്കുകയാണ്.
*ലഹരി*
ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്.
ലഹരി വിരുദ്ധ ക്യാംപെയിന്‍ കര്‍മ്മപദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. നാലാംഘട്ട ക്യാംപെയിനുള്ള മുന്നൊരുക്കങ്ങളാണ് നാം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാവും. ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനത്തില്‍ ക്യാംപെയിന്‍ ആരംഭിക്കാനാണ് തീരുമാനം.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ലഹരിവിരുദ്ധ നടപടികളില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാനാവുക. അതിനുവേണ്ട വിശദകര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. ബസ്സ്റ്റാന്‍റുകള്‍, പൊതുസ്ഥലങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളിലൊക്കെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കേരളമാകെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ വകുപ്പുകളും ഏകോപിതമായി ശ്രമിക്കണം.
തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗണ്‍സിലര്‍മാരാക്കാനും രക്ഷകര്‍ത്താക്കള്‍ക്ക് ബോധവത്കരണവും നല്‍കാനുമുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കുട്ടികളുടെ സ്വഭാവവ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തണം. ശിക്ഷിക്കാനല്ല രക്ഷപ്പെടുത്താനാണ് ഉദ്ദേശ്യമെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. സ്കൂള്‍ പ്രവര്‍ത്തിസമയത്തിന് ഒരു മണിക്കൂര്‍ മുമ്പും സ്കൂള്‍ പ്രവര്‍ത്തിസമയം കഴിഞ്ഞാലും സ്കൂള്‍ പരിസരം നിരീക്ഷിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിക്കും.
എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ലഹരി വിതരണക്കാരെയുംമൊത്തകച്ചവടക്കാരെയും കണ്ടെത്തണം. ലഹരി ഇടപാടുകള്‍ സംബന്ധിച്ച് വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഈ വിവരങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തുപോയാല്‍ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ കാണില്ല.
ജനജാഗ്രത സമിതി എല്ലാ സ്ഥലങ്ങളിലും രൂപീകരിക്കാനും നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്താനും നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഏപ്രില്‍ 15 മുതല്‍ 21 വരെയുള്ള ഒരാഴ്ച്ചക്കാലയളവില്‍ 15,530 വ്യക്തികളെയും ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച കൊണ്ട് 14,848 വ്യക്തികളേയും പരിശോധിച്ചു. ഈ രണ്ടാഴ്ചയില്‍ വലിയ അളവില്‍ വില്‍പന നടത്തുന്ന 16 കേസുകളും 56 ഇടത്തരം കേസുകളും ഉള്‍പ്പെടെ ആകെ 1686 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1787 പേരെയാണ് അറസ്റ്റ് ചെയ്തത്. 573.551 ഗ്രാം എം ഡി എം എയും 204.82 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഓപ്പറേഷന്‍ ഡിഹണ്ട്ന്‍റെ ഭാഗമായി 1,61,425 വ്യക്തികളെയാണ് ആകെ പരിശോധിച്ചത്. വലിയ അളവില്‍ വില്പന നടത്തിയ 92 കേസുകളും 304 ഇടത്തരം കേസുകളും ഉള്‍പ്പെടെ ആകെ 12,024 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12,627 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 6.684 കിലോ എം ഡി എം എയും 820.029 കിലോ കഞ്ചാവും പിടിച്ചെടുത്തു.
സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ഡ്രഗ് ഇന്‍റലിജന്‍സ് സംവിധാനത്തിലൂടെ ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 338 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി.
സോഴ്സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരിയില്‍ വച്ച് 4.47 കിലോ കഞ്ചാവും എറണാകുളത്ത് 0.686 ഗ്രാം എം ഡി എം എയും കാസര്‍ഗോഡ് 11 കിലോഗ്രാം കഞ്ചാവും പിടികൂടി. തൊട്ടു മുന്‍പത്തെ ആഴ്ച ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച 5.15 കിലോ കഞ്ചാവും, അങ്കമാലി ആലുവ ഭാഗത്ത് വില്‍പ്പനയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കാന്‍ ശ്രമിച്ച 9.5 കിലോ കഞ്ചാവും, ഒറീസയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 18.09 കിലോ കഞ്ചാവും പിടികൂടി.
കേരള റെയില്‍വേ പോലീസ് ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ 8 കേസുകളിലായി 11 കിലോ കഞ്ചാവാണ് പിടികൂടിയത്.
മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധം എക്സൈസും തുടരുകയാണ്. ഏപ്രില്‍ 22 മുതല്‍ 27 വരെ സംസ്ഥാന എക്സൈസ് 37.071 കിലോഗ്രാം കഞ്ചാവ്, 70.551 ഗ്രാം എം ഡി എം എ, 29.961 ഗ്രാം മെത്താംഫെറ്റാമൈന്‍, 31.887 ഗ്രാം ഹെറോയിന്‍, 3.115 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. 288 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 271 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലഹരിവിപത്തിനെതിരെ കേരളമാകെ ഉയരുന്ന ജനകീയ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ്. ബോധവല്‍ക്കരണം നല്‍കുന്നതിനും പ്രതിരോധമുയര്‍ത്തുന്നതിനും എല്ലാ വിഭാഗം ആളുകളും മുന്നോട്ടു വരുന്നുണ്ട്. വിവിധ സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും എല്ലാം നാടിനായി പ്രതിരോധകവചമുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്നു.
ആലപ്പുഴ മണ്ഡലത്തില്‍ രൂപം നല്‍കിയ څലഹരിക്കെതിരെ ജനകീയ കവചംچ എന്ന ക്യാമ്പെയ്ന്‍ മാതൃകാപരമായ ഇടപെടലുകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിപുലമായ ജനകീയ പ്രതിരോധ സമിതി രൂപീകരിക്കുകയും ആലപ്പുഴ മണ്ഡലത്തിലെ 107 വാര്‍ഡുകളില്‍ 101ലും വാര്‍ഡുതല ജാഗ്രതാ സമിതി ആരംഭിക്കുകയും ചെയ്തു. മനുഷ്യച്ചങ്ങലയും കായികമേളയും പോലുള്ള വലിയ ജനാവലിയെ പങ്കെടുപ്പിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പെയ്നിന്‍റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന മെഗാ സൂംബാ ഡാന്‍സ് ഇന്നു നടത്തുകയുണ്ടായി. തിരുവനന്തപുരം റൂറല്‍ ചായം ജംഗ്ഷനില്‍ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയില്‍ വലിയതുറയില്‍ നടന്ന څഉണര്‍വ്വ് 2025چ, കൊല്ലത്ത് ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്, എറണാകുളത്ത് നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേര്‍ണിറ്റി,കോഴിക്കോട് നടന്ന മലയാളി മൂവ്മെന്‍റ് എഗെയ്ന്‍സ്റ്റ് ഡ്രഗ്സ്, മലപ്പുറത്തു നടന്ന വാര്‍എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് തുടങ്ങി നിരവധി മാതൃകാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളമാകെ നടന്നു വരികയാണ്. കൂടുതല്‍ ആളുകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും നാടിനായി ലഹരിക്കെതിരെ പ്രതിരോധകവചം തീര്‍ക്കാനും മുന്നിട്ടിറങ്ങുന്നു. അത് ഇനിയും കൂടുതൽ ശക്തിപ്പെടുത്തണം.
*അഴിമതി മുക്ത കേരളം*
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന څഅഴിമതി മുക്ത കേരളംچ ക്യാമ്പയിന്‍ മികച്ച രീതിയില്‍ തുടരുകയാണ്. 2025 ല്‍ ഇതുവരെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ 175 മിന്നല്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത 6 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു.
*മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍*
ദേശീയപാതാ വികസനത്തില്‍ നാഴികകല്ലായി മാറാന്‍ പോകുന്ന ഒരു തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളുകയുണ്ടായി.
കേരളത്തിന്‍റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യം ആണ് എന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതലഗതാഗതവകുപ്പു മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണം എന്ന ആവശ്യം ബഹുമാനപ്പെട്ട മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും ഇനി വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിനാണ് തീരുമാനം എടുത്തത്.
ആഭ്യന്തരം, വനം വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കുന്നതിനായി, അതത് വകുപ്പുകളിലെ വിശേഷാല്‍ ചട്ടങ്ങളില്‍ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കില്‍ ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കി.