ചെർപ്പുളശ്ശേരി. കോൺക്രീറ്റുകൾ അടർന്നു മാറിയും കാലപ്പഴക്കങ്ങൾ കൊണ്ട് ദ്രവിച്ചും, നിലകൊള്ളുന്ന ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് കെട്ടിടം ഏതു സമയവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. താഴെ ബസ് കാത്തു നിൽക്കുന്ന പാവപ്പെട്ട യാത്രക്കാർക്ക് ഇത് വൻ ഭീഷണിയാണ് ഒരുക്കുന്നത്. മൂന്നാം നിലയിലെ സ്ഥാപനങ്ങളെല്ലാം മുകളിൽ നിന്ന് അടർന്നു വീഴുന്ന കോൺക്രീറ്റ് സ്ലാബുകളെ പേടിച്ച് ഒഴിഞ്ഞു പോയിക്കഴിഞ്ഞു.
വർഷങ്ങൾ പഴക്കമുണ്ട് ഈ കെട്ടിടത്തിന് പഞ്ചായത്ത് ആയിരിക്കുന്ന സമയത്ത് ഏകദേശം 30 വർഷം മുൻപ് പണികഴിപ്പിച്ചതാണ് ഈ ബസ്റ്റാൻഡ് കെട്ടിടം . ഇവിടെയായിരുന്നു ഇപ്പോൾ നിൽക്കുന്ന നഗരസഭാ മന്ദിരത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പന്നിയക്കുറിശ്ശി റോഡിൽ പുതിയ കെട്ടിടം ആയതോടെ പഞ്ചായത്ത് ഓഫീസ് മൊത്തമായി അങ്ങോട്ട് മാറി. പിന്നീട് നഗരസഭ വന്നതോടെ അതിന്റെ ഓഫീസ് ആയും ആ കെട്ടിടം മാറുകയായിരുന്നു. പുതിയ ബസ്റ്റാൻഡ് പണിതു എന്നതല്ലാതെ ഒരു ബസ് പോലും ഇതുവരെ അവിടെ കയറിയിട്ടില്ല. ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് വേണ്ടി പുത്തനാൽക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം പുതിയ ബസ്റ്റാൻഡ് സ്ഥാപിതമായി എങ്കിലും ഇന്നും അത് പ്രവർത്തിച്ചിട്ടില്ല എന്നതാണ് സത്യം.
നിലവിലുള്ള പഞ്ചായത്ത് കെട്ടിടം ആകട്ടെ ഏത് സമയവും നിലം പൊത്തും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ . പുതിയ കെട്ടിടത്തിനു വേണ്ടി തുക നീക്കി വെച്ചിട്ടുണ്ടെങ്കിലും ഏട്ടിലെ പശു ഇതുവരെ പുല്ലു തിന്നാൻ ഇറങ്ങിയിട്ടില്ല. ഏത് സമയവും അപകടത്തിൽ പെട്ടേക്കാവുന്ന കെട്ടിടത്തിൽ നിന്നും ഉള്ള വ്യാപാരികളെ മാറ്റിക്കൊണ്ട് കെട്ടിടം പൊളിച്ചു നീക്കിയില്ലെങ്കിൽ വൻ അപകടമാകും ചെർപ്പുളശ്ശേരിയിൽ സംഭവിക്കുക.