ആരോഗ്യ കേന്ദ്രങ്ങളിലല്ലാതെ സ്ത്രീകൾ വീടുകളിലും മറ്റ് രഹസ്യ സ്ഥലങ്ങളിലും പ്രസവം നടത്തുന്നത് മൂലമുള്ള അപകടത്തെപ്പറ്റി പൊതു ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും അടിയന്തിര നടപടികൾ ആരംഭിച്ചു . ഇത് സംബംന്ധിച്ച് ബോധവൽക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തണമെന്ന ആവിശ്യം ഡോ. കെ . പ്രതിഭ ഉന്നയിച്ചിരുന്നു . ഡോ. കെ. പ്രതിഭ സർക്കാരിന് നൽകിയ കത്ത് പരിഗണിച്ച് ആരോഗ്യ വകുപ്പുമായി ചേർന്ന് വീട്ട് പ്രസവത്തിനെതിരായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിനും വീട്ട് പ്രസവങ്ങൾക്ക് എതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കഴിഞ്ഞ ദിവസം അടിയന്തിര നിർദ്ദേശം തദ്ദേശ സ്വയംഭരണ സെക്രെട്ടറിമാർക്ക് രേഖാമൂലം നൽകിയത് .
വീട്ട് പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും പ്രതിരോധ പരിപാടികൾ ഇതോടെ സജീവമാകുകയാണ് . മലപ്പുറം ജില്ലയിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുവാനും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക നിർദ്ദേശിച്ചിട്ടുമുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന വീട്ട് പ്രസവവുമായി ബന്ധപ്പെട്ട റിപോർട്ടുകൾ വിശദമായി പഠിക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശവും നൽകി. കോളേജിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിക്കുന്നതുപോലെ വീട്ടിൽ പ്രസവിച്ചവരെ പ്രദർശിപ്പിച്ച് വീട്ട് പ്രസവത്തെ അനുകൂലിച്ച് കേരളത്തിൽ രഹസ്യമായി മാസങ്ങൾക്ക് മുമ്പ് നടത്തിയ പരിപാടിയെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കഴിഞ്ഞ ദിവസം പരാതിയും ലഭിച്ചു. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതി അന്വേഷിക്കുവാൻ കൈമാറിയിട്ടുണ്ട് . വീട്ട് പ്രസവം അപകടമല്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പരിപാടിയിലൂടെ പ്രചരിക്കുവാൻ വഴിയൊരുക്കിയെന്നും അതിനാൽ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്നുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലെ ആവിശ്യം .
വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശവും പ്രചാരണവും കുറ്റകരമായി കണ്ട് നടപടി സ്വീകരിക്കുമെന്നും അശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ഭീഷണിയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .
No Comment.