anugrahavision.com

ഓട്ടിസത്തെ കുറിച്ച് ചർച്ചകളുണർത്തി കൊച്ചിയിൽ ‘പ്രയത്ന’യുടെ ഫെയ്‌സ് പെയിന്റിങ് ക്യാമ്പയിൻ*

*കൊച്ചി 02-04-2025:* ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ “പ്രയത്ന”യുടെ നേതൃത്വത്തിൽ പനമ്പള്ളി നഗറിലെ സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഫേസ് പെയിന്റിങ് ക്യാമ്പയ്ൻ ശ്രദ്ധേയമായി. ഓട്ടിസമുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനും സമൂഹത്തെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ, മുഖത്ത് ഛായാചിത്രങ്ങൾ വരച്ച് കുട്ടികളും മുതിർന്നവരും കാമ്പയിനിന്റെ ഭാഗമായി. വഴിയാത്രക്കാരായ സാധാരണക്കാരും മുഖത്തെ ചിത്രങ്ങളിലൂടെ ഓട്ടിസത്തെ കുറിച്ചുള്ള സന്ദേശം ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും തയാറായി മുന്നോട്ടുവന്നതോടെ പരിപാടി കൂടുതൽ “കളറായി”. ലോകമെമ്പാടും ഓട്ടിസത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം നീലയാണ്. നീലനിറത്തിലുള്ള ചായങ്ങളാണ് ഫെയ്‌സ് പെയിന്റിങ്ങിനും ഉപയോഗിച്ചത്. ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എപ്രിൽ 1 മുതൽ 30 വരെ പ്രയ്തനയിൽ സൗജന്യ ഓട്ടിസം സ്ക്രീനിങ്ങ് ഉണ്ടായിരിക്കും.Img 20250402 Wa0043

എല്ലാ വർഷവും ഏപ്രിൽ രണ്ടിനാണ് ആഗോളതലത്തിൽ ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്. ഓട്ടിസത്തെ കുറിച്ച് പൊതുജനങ്ങളിൽ അറിവുണ്ടാക്കാനും ഓട്ടിസം ഉള്ളവരെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു ദിവസം.Img 20250402 Wa0045

മുഖത്ത് ചായങ്ങൾ ഉപയോഗിച്ച് കേവലം ചിത്രങ്ങൾ വരയ്ക്കുക മാത്രമല്ല, വലിയൊരു സന്ദേശം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക കൂടിയാണ് ചെയ്തതെന്ന് “പ്രയത്ന”യുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓട്ടിസം ഉള്ളവരെക്കൂടി പരിഗണിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന മൾട്ടിഡിസിപ്ലിനറി കേന്ദ്രമാണ് പ്രയത്ന. കാമ്പയിനിന്റെ ഭാഗമായി ഓട്ടിസത്തെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.

ഓട്ടിസമുള്ളവരും അവരുടെ നല്ല നാളെക്കായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധിയാളുകൾ പരിപാടിയിൽ ഒത്തുചേർന്നു. ഓട്ടിസമുള്ളവരുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി സമൂഹത്തിന് വലിയൊരു സന്ദേശം നല്കാൻ പരിപാടിക്ക് കഴിഞ്ഞതായി ഫെയ്‌സ് പെയിന്റിംഗിന്റെ ഭാഗമായ നീനു പറഞ്ഞു. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://prayatna.co.in/ സന്ദർശിക്കുക.

Spread the News
0 Comments

No Comment.