anugrahavision.com

ഡീലിമിറ്റേഷ൯ കമ്മീഷ൯ ഹിയറിങ്; ജില്ലയിൽ പരിഗണിച്ചത് 987 പരാതികൾ

പാലക്കാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹിയറിങ് നടത്തി. ജില്ലയിലെ 92 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നായി 987 പരാതികളാണ് കമ്മീഷന് ലഭിച്ചിരുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഹിയറിങ് രാത്രി വരെ നീണ്ടു. ഹിയറിങിന് ഹാജരായ മുഴുവൻ പരാതിക്കാരെയും കമ്മീഷൻ നേരിൽകേട്ടു.

തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ഡിസംബര്‍ നാല് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഈ പരാതികളിൽ ഫീൽഡ് തലത്തിൽ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു. ഇത്തരത്തില്‍ പരാതി സമ൪പ്പിച്ചവരെയാണ് ഇന്നലെ നടന്ന ഹിയറിങില്‍ കമ്മീഷ൯ നേരിട്ട് കേട്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഹിയറിങ് പൂ൪ത്തിയാക്കിയ ശേഷം കമ്മീഷന്റെ ഫുൾ സിറ്റിങ് ചേരും. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കമ്മീഷ൯ വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരെ നേരിട്ട് കേട്ടതിന്റെയും അന്വേഷണ റിപ്പോ൪ട്ടിന്റെയും അടിസ്ഥാനത്തിലാകും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
2011 ലെ ജനസംഖ്യയും നിലവിലെ വീടുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് വാ൪ഡ് പുന൪വിഭജിച്ചത്. ജില്ലയിലെ നഗരസഭകളിൽ 249, ഗ്രാമപഞ്ചായത്തുകളിൽ 1636 എന്നിങ്ങനെയാണ് പുനര്‍ വിഭജനത്തിന് ശേഷം വാ൪ഡുകളുടെ എണ്ണം. നേരത്തേ ഇത് യഥാക്രമം 240, 1490 എന്ന നിലയിലായിരുന്നു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ഡീലിമിറ്റേഷ൯ കമ്മീഷന്‍ അംഗം കെ. ബിജു, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്‌നമോള്‍, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ഡീലിമിറ്റേഷൻ കമ്മീഷൻ – ജില്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Spread the News
0 Comments

No Comment.