anugrahavision.com

പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വകലാശാലയുടെ ആദരം

കൊച്ചി: പത്മഭൂഷണ്‍ ജേതാവും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ ആദരം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചടങ്ങിലാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

തുടര്‍ന്ന് സന്തോഷവും സൗഖ്യവും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സന്തോഷം പുറമെ നിന്ന് ലഭിക്കുന്നതല്ലെന്നും അത് ഉള്ളില്‍ നിന്ന് കണ്ടെത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പങ്കിടല്‍ സന്തോഷം പകരും.
വ്യക്തിപരമായ സന്തോഷവും കൂട്ടായ സന്തോഷവും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഡോക്ടര്‍ സംസാരിച്ചു. ഏറെ സന്തോഷമുള്ളവര്‍ സന്തുഷ്ടമായ രാഷ്ട്രത്തെയും സന്തുഷ്ടമായ രാഷ്ട്രം സന്തോഷകരമായ ലോകത്തെയും സൃഷ്ടിക്കും. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിന്നാണ് നമുക്ക് സന്തോഷം ലഭിക്കുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
2003-ല്‍ കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതും തന്റെ മെഡിക്കല്‍ സംഘം നേരിട്ട വെല്ലുവിളികളും സദസുമായി അദ്ദേഹം പങ്കുവെച്ചു.

”2003ല്‍ ഞങ്ങള്‍ കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. അന്ന് എനിക്ക് ധൈര്യം പകര്‍ന്നു നല്‍കിയത് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയാണ്”- ”അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണ തനിക്ക് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും ഡോക്ടര്‍ വ്യക്തമാക്കി. നിരവധി രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഡോക്ടര്‍ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ അഭിമാനവും മുതല്‍കൂട്ടുമാണെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി ഡോ. ജെ.ലത പറഞ്ഞു. ഭാവിതലമുറയ്ക്ക് ഡോ.ജോസ് ചാക്കോയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം മാതൃകയാണെന്നും ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.

Spread the News
0 Comments

No Comment.