anugrahavision.com

കടന്നമണ്ണ ശ്രീനിവാസൻ്റെ കലാ ജീവിതം മുപ്പതാം വയസ്സിലേയ്ക്ക്*

പെരിന്തൽമണ്ണ. അനുഷ്ഠാന കലകൾ അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ജീവിതം കളംപാട്ടിന് മാറ്റി വെച്ച കലാകാരനാണ് മലപ്പുറം കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ.ഗുരുനാഥന്മാരിലൂടെ കൈമാറി വന്ന കലാ പാരമ്പര്യം കളങ്കപ്പെടുത്താതെ സൂക്ഷിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളു കൂടിയാണ് ഇദ്ദേഹം. 300 വർഷത്തെ
കലാ പാരമ്പര്യമുള്ള
കടന്നമണ്ണ കുറുപ്പത്ത് തറവാട്ടിലെ നാരായണൻകുട്ടി കുറുപ്പിന്റെയും,അലനല്ലൂർ കിഴേപ്പാട്ട് ശാന്തകുമാരിയുടെയും മുത്ത മകനായ ശ്രീനിവാസൻ കലാ ജീവിതത്തിൻ്റെ മുപ്പതാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ഗുരുനാഥന്മാരായ കടന്നമണ്ണ നാരായണക്കുറുപ്പിന്റെയും,നാരായണൻകുട്ടി കുറുപ്പിന്റെയും പാത പിന്തുടർന്നു പോരുന്ന ശ്രീനിവാസൻ കളംപാട്ടിനെ ജനകീയമാക്കുന്ന വ്യക്തികളിൽ പ്രധാനിയാണ്.1995-ൽ കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് പാട്ട് അരങ്ങേറ്റം നടത്തി,വള്ളുവനാട്ടിലെ സുപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ,കോവിലകങ്ങൾ,മനകൾ എന്നിവിടങ്ങളിൽ കളംപാട്ടിൽ സജീവ സാന്നിധ്യമാണ്.ക്ഷേത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഈ കലയെ ജാതി-മത വ്യത്യാസം കൂടാതെ കാണാനും പരിചയപ്പെടാനുമുള്ള ഇദ്ദേഹത്തിൻറെ കളംപാട്ട് ശില്പശാല ഇന്ന് ഏറെ പ്രസിദ്ധമാണ് കളംപാട്ട് എന്ന അനുഷ്ഠാന കലയെ സമൂഹത്തിന് കൂടുതൽ അറിയാൻ ഈ ശില്പശാലകൾ കൊണ്ട് സാധിക്കുന്നു എന്ന് കലാകേരളം സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ്.എറണാകുളം മഹാരാജാസ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി,തൃശ്ശൂർ കേരളവർമ്മ കോളേജ്,പാലക്കാട് വിക്ടോറിയ കോളേജ്,കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്,തുടങ്ങി സുപ്രസിദ്ധങ്ങളായ 36 കോളേജുകൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 248 കളംപാട്ട് ശില്പശാലകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.കലാ ജീവിതത്തിൻ്റെ മുപ്പതാം വർഷത്തിൽ എത്തി നിൽക്കുന്ന ശ്രീനിവാസന് കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം,കേരള
ക്ഷേത്രകലാ അക്കാദമി പുരസ്കാരം,യുവ കലാനിപുണ പുരസ്കാരം തുടങ്ങി ഏഴോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Spread the News
0 Comments

No Comment.