anugrahavision.com

ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യങ്ങള്‍ വിസ്മരിക്കരുത്; സുസ്ഥിരഭാവിക്കായി അന്തര്‍ദേശിയ സഹകരണം അനിവാര്യം*

കൊച്ചി: ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യങ്ങള്‍ വിസ്മരിക്കരുതെന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ ഹൈകമ്മീഷണര്‍ ഡോ. റോജര്‍ ഗോപൗല്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് 64 ശതമാനം ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെ കഴിയുമ്പോള്‍ പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഭക്ഷണമാണ് ആഗോളതലത്തില്‍ പാഴാക്കുന്നത്.എല്ലാ രാജ്യങ്ങളും ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ഫ്രാന്‍സും മുന്നോട്ടുവച്ച അന്താരാഷ്ട്ര സോളാര്‍ സഖ്യത്തില്‍ 120 രാജ്യങ്ങള്‍ അംഗങ്ങളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരഭാവിക്കായി അന്തര്‍ദേശിയ സഹകരണം അനിവാര്യമാണെന്ന് മറ്റൊരു ചര്‍ച്ചയില്‍ പങ്കെടുത്ത ലെസോത്തോ ഹൈക്കമ്മിഷന്‍ ഫസ്റ്റ് സെക്രട്ടറി ബോഹ്‌ലോകി മോറോജെല്‍ അഭിപ്രായപ്പെട്ടു.കാലാവസ്ഥാ മാറ്റത്തിനെതിരെ ഉള്ള പോരാട്ടം എളുപ്പമല്ല. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് രാജ്യങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഇന്ത്യയും കസാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്ന് കസാക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ദര്‍ഖാന്‍ സെയ്‌തെനോവ് പറഞ്ഞു. ഭാവിയില്‍ നിരവധി മേഖലകളില്‍ സഹകരണങ്ങള്‍ ഉണ്ടാകും. സമിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പരിപാടികള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയിലെ നിരവധി സര്‍വകലാശാലകളുമായി കസാക്കിസ്ഥാന്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഏകദേശം 8,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കസാക്കിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the News
0 Comments

No Comment.