anugrahavision.com

സാങ്കേതിക ഉപകരണങ്ങള്‍ പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി

കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് ‘സര്‍ഗ്ഗാത്മകതയാല്‍ നയിക്കപ്പെടുന്ന ട്രില്ല്യണ്‍ ഡോളര്‍ സ്വപ്നം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ തുടങ്ങിയപ്പോള്‍ ആദ്യം ക്ഷണിച്ചത് കമ്പ്യൂട്ടര്‍ എഞ്ചിനീയറെയല്ല. ലണ്ടനില്‍ നിന്നുള്ള ജൊനാഥന്‍ പോള്‍ എന്ന ഡിസൈനറെയാണ്.’ കലയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഭാവനാ ലോകത്തിനൊത്ത് വേഗത്തില്‍ സഞ്ചരിക്കാന്‍ കാഴ്ചപ്പാട് ആവശ്യമാണ്.’ അദ്ദേഹം വ്യക്തമാക്കി.

‘നല്ലൊരു ലോകം സൃഷ്ടിക്കുന്നതിന് സംസ്‌കാരം, ഡിസൈന്‍, സാങ്കേതികവിദ്യ എന്നീ മൂന്ന് കാര്യങ്ങള്‍ ആവശ്യമാണ്. കാര്യക്ഷമമായ സര്‍ഗ്ഗാത്മക ഇടപെടലിന് നാം എവിടെനിന്ന് വരുന്നു എന്ന ചിന്ത ആവശ്യമാണ്.’ 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ നടക്കുന്ന കലയുടെ ആഘോഷമായ കൊച്ചി ബിനാലെയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘വീഡിയോ ഗെയിമുകള്‍ ഭാവി സിനിമകളാകും. കഥാപാത്രങ്ങളെ നിങ്ങളുടെ ഇഷ്ടത്തിന് നിയന്ത്രിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പമിരുന്ന് ഇത്തരം സിനിമകള്‍ ആസ്വദിക്കുന്ന കാലം വരും. ഗെയിമുകളുടെ ഭാവി അതാണ്.’ ഏഷ്യാ പസഫിക്ക് ടെക്‌നികളര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബീരേന്‍ ഗോഷ് പറഞ്ഞു. ‘സമൂഹമാധ്യമങ്ങളുടെ ഉദയം ‘ക്രിയേറ്റിവിറ്റി’ പ്രദര്‍ശിപ്പിക്കുന്നതിന് ഇടനല്‍കി. എല്ലാവരും കണ്ടന്റ് ക്രിയേറ്റര്‍മാരായി. ഇത് കഥപറച്ചില്‍ രീതിയില്‍ വലിയ മാറ്റം വരുത്തും.’

‘നമ്മുടെ മാര്‍ക്കറ്റ് ഏതാണെന്ന് നാം കണ്ടെത്തണം. ഇന്ത്യക്കാര്‍ മറ്റുള്ള രാജ്യങ്ങളുടെ മാര്‍ക്കറ്റിനു വേണ്ടിയാണ് പണിയെടുക്കുന്നത്.’ കര്‍ണ്ണാടക മുന്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്ന ഡോ അശ്വന്ത് നാരായണ്‍ അഭിപ്രായപ്പെട്ടു. Img 20250129 Wa0084

പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ജെന്‍ സി, മില്ലേനിയല്‍സ് എന്നിവരെപ്പോലെ ബേബി ബൂമേഴ്‌സ് അത്ര ആവേശഭരിതരല്ല. കാരണം ബേബി ബൂമേഴ്‌സ് ടെക്‌നോളജിയുടെ ലോകത്തേക്കാണ് പിറന്നു വീഴുന്നതെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഡിസൈന്‍ ഡയറക്ടറായ കവിത കല്യാണ്‍ പറഞ്ഞു.

Spread the News
0 Comments

No Comment.