എസ്.എസ്.എൽ.സി. പരീക്ഷ, എസ്. എസ്. എൽ. സി, റ്റി. എച്ച്. എസ്. എൽ. സി, എ. എച്ച്. എസ്. എൽ. സി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിയ്ക്കുന്നു.കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് (2,971) പരീക്ഷാ കേന്ദ്രങ്ങളിലായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
കേരളത്തിൽ രണ്ടായിത്തി തൊള്ളായിരത്തി അമ്പത്തിയഞ്ചും (2955) ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് (2,971) പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കുള്ള ചീഫ് സൂപ്രണ്ട്/ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം നടത്തുകയും
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേഖലാ യോഗങ്ങൾ പൂർത്തീകരിയ്ക്കുകയും ചെയ്തു. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ്സ് വിതരണവും പൂർത്തീകരിച്ചിട്ടുണ്ട്. ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ, മോഡൽ പരീക്ഷ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ ചോദ്യ പേപ്പർ സോർട്ടിംഗ് ഫെബ്രുവരി 29 ന് പൂർത്തീകരിച്ച് മുൻ നിശ്ചയിച്ചിട്ടുള്ള ട്രഷറികളിലേക്കും ബാങ്കുകളിലേക്കും എത്തിക്കും. ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ ഇൻവിജിലേറ്റർമാരുടെ നിയമനം ഇന്ന് പൂർത്തീകരിക്കും.
പരീക്ഷാ നടപടികൾ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വകുപ്പ് തലത്തിൽ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷസുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും വകുപ്പിന്റെ വിവിധ തലങ്ങളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ ഇപ്രകാരമാണ്
പരീക്ഷ എഴുതുന്ന കുട്ടികൾ റഗുലർ വിഭാഗത്തിൽ നാലു ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ചും (4,27,105) പ്രൈവറ്റ് വിഭാഗത്തിൽ നൂറ്റി പതിനെട്ടും (118) അങ്ങനെ ആകെ ആൺകുട്ടികൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ചും (2,17,525) ആകെ പെൺകുട്ടികൾ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപതും (2,09,580) ആണ്. മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നത് ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് (1,67,772) ഇംഗ്ലീഷ് മീഡിയത്തിൽ രണ്ട് ലക്ഷത്തി അമ്പത്തി ആറായിരത്തി ഒരുന്നൂറ്റി മുപ്പത്തിയഞ്ച് ( 2,56,135) വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഗൾഫ് മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ അഞ്ഞൂറ്റി മുപ്പത്തിയാറും (536) ലക്ഷദ്വീപിൽ പരീക്ഷ എഴുതുന്നത് ഇരുന്നൂറ്റി എൺപത്തിയഞ്ച് വിദ്യാർത്ഥികളുമാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ്. എടരിക്കോടാണ്. രണ്ടായിരത്തി എൺപത്തിയഞ്ച് (2085) വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്., തിരുവല്ല ഗവൺമെന്റ് എച്ച്.എസ്. കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ്., എടനാട് എൻ.എസ്.എസ്. എച്ച്.എസ്. എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർത്ഥി വീതമാണ് പരീക്ഷ എഴുതുന്നത്.
ഹയർ സെക്കണ്ടറി പരീക്ഷ 2024 മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 2023 ഒക്‌ടോബർ 9 ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം വർഷം പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി അമ്പത്തിയൊമ്പത് (4,14,159) വിദ്യാർത്ഥികളും
രണ്ടാം വർഷം പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഇരുന്നൂറ്റി പതിമൂന്ന് (4,41,213) വിദ്യാർത്ഥികളുമാണ്. അങ്ങനെ ഒന്നും രണ്ടും വർഷങ്ങളിലായി ആകെ എട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി എഴുപത്തി രണ്ട് (8,55,372) വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2024 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി രണ്ടായിരത്തി പതിനേഴ് (2017) പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് (1994) പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും എട്ട് പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാരുടെ ജില്ലാതല യോഗങ്ങൾ പരീക്ഷ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി അമ്പത്തി രണ്ട് സിംഗിൾ വാല്വേഷൻ ക്യാമ്പും ഇരുപത്തിയഞ്ച് ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ എഴുപത്തി ഏഴ് കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്.
പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമ ഘട്ടത്തിലാണ്. സി ഇ സ്‌കോർ എൻട്രി സ്‌കൂളുകളിൽ നിന്നും ഓൺലൈനായി ചെയ്ത് വരുന്നു. ചോദ്യപേപ്പർ വിതരണം അന്തിമ ഘട്ടത്തിലാണ്. പൊതു പരീക്ഷകളുടെ ഉത്തരക്കടലാസ് വിതരണം പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടത്തുന്നതിന് ഇൻവിജിലേഷൻ/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിയ്ക്കായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരുടെ സേവനം പരീക്ഷാ ദിവസങ്ങളിൽ അനിവാര്യമാണ്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നിശ്ചയിച്ചിരിയ്ക്കുന്നത് 2024 ഏപ്രിൽ 1 മുതൽ ആണ്. ആയതിലേക്കായി ഇരുപത്തി ആറായിരത്തിൽ അധികം അധ്യാപകരുടെ സേവനവും ആവശ്യമാണ്. 2024 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നു വരുന്നു.
വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം 2024 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതു പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ഇനി പറയുന്നു. ഒന്നും രണ്ടും വർഷ തിയറി പരീക്ഷ 2024 മാർച്ച് 1 മുതൽ 26 വരെയാണ്. രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ നാളെ 2024 ഫെബ്രുവരി 29 അവസാനിക്കുന്നു. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 16 ന് അവസാനിച്ചു. ഒന്നാം വർഷ എൻ.എസ്.ക്യു.എഫ് പ്രായോഗിക പരീക്ഷ നാളെ 2024 ഫെബ്രുവരി 29 അവസാനിക്കുന്നു. രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം റഗുലർ വിഭാഗത്തിൽ ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി നാൽപത്തിയൊന്നും (27,841) പ്രൈവറ്റ് വിഭാഗത്തിൽ ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയാറും (1,496) ഉൾപ്പെടെ ആകെ ഇരുപത്തിയൊമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയേഴ് (29,337) കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ആകെ എണ്ണം ഇരുപത്തി ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തി ഏഴ് (27,770) ആണ്. അങ്ങനെ ഒന്നും രണ്ടും വർഷ പരീക്ഷക്ക് ആകെ രജിസ്റ്റർ ചെയ്ത് അമ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി ഏഴ് (57,107) വിദ്യാർത്ഥികളാണ്. മുന്നൂറ്റി എൺപത്തിയൊമ്പത് പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. എട്ട് മൂല്യനിർണ്ണയ ക്യാമ്പുകളുമാണ് സജ്ജീകരിക്കുന്നത്. മോഡൽ പരീക്ഷ അവസാനിച്ചു. മൂവായിരത്തി മുന്നൂറ് (3,300) അധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 2024 ഏപ്രിൽ 1 ന് മൂല്യനിർണ്ണയം ആരംഭിക്കും. രണ്ടാം വർഷ എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി പ്രകാരമുളള വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ എൻ.എസ്.ഡി.സി. യുടെ കീഴിലുളള അതാത് സെക്ടർ സ്‌കിൽ കൗൺസിലുകൾ നിയോഗിക്കുന്നവരാണ് വിലയിരുത്തുന്നത്.
അതാത് സെക്ടർ സ്‌കിൽ കൗൺസിലുകളിൽ നിന്നുളള പരീക്ഷാ ഷെഡ്യൂളുകൾ പ്രകാരം വിലയിരുത്തൽ നടന്നു കൊണ്ടിരിക്കുന്നു. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഫെബ്രുവരി 16 ന് അവസാനിച്ചു.ഒന്നാം വർഷ എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതി പ്രകാരമുളള വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ നാളെ (29/02/2024) അവസാനിക്കും.
വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി. ഒന്നും രണ്ടും വർഷ വൊക്കേഷണൽ, നോൺ വൊക്കേഷണൽ വിഷയങ്ങളുടെ ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയായി. സ്‌കൂളുകളിൽ ചോദ്യ പേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാച്ച്മാനെ നിയോഗിക്കുന്നതിനും, സി.സി.റ്റി.വി ക്യാമറ, ഡബിൾ ലോക്ക് സംവിധാനം, പോലീസ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം, ഇൻവിജിലേറ്റേഴ്‌സ് നിയമനം എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലാതല പരീക്ഷാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ വിവിധ അപേക്ഷകളിൻമേൽ സമയബന്ധിതമായ തീരുമാനം എടുത്തിട്ടുണ്ട്.എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
No Comment.